sg

തൃശൂർ: എൻ.ഡി.എ തൃശൂർ ലോക്‌സഭ സ്ഥാനാർത്ഥി സുരേഷ് ഗോപി റോഡ് ഷോയോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു. കഴിഞ്ഞ ദിവസം കേന്ദ്രനേതൃത്വം സ്ഥാനാർത്ഥിയായി സുരേഷ് ഗോപിയെ പ്രഖ്യാപിച്ചെങ്കിലും ഇന്നലെ വൈകിട്ട് മുതലാണ് ഔദ്യോഗിക പ്രചാരണം ആരംഭിച്ചത്.

കേരള എക്‌സ്പ്രസിൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ സുരേഷ് ഗോപിയെ എൻ.ഡി.എ നേതാക്കൾ സ്വീകരിച്ചു. തുടർന്ന് നിരവധി ബൈക്കുകളുടെ അകമ്പടിയിൽ തുറന്ന വാഹനത്തിൽ കുറുപ്പം റോഡ് വഴി മണികണ്ഠനാലിൽ എത്തി. ആവേശേത്തോടെ ബി.ജെ.പി, എൻ.ഡി.എ പ്രവർത്തകർ സുരേഷ് ഗോപിയെ വരവേറ്റു.
തുടർന്ന് മണികണ്ഠനാലിലെ ഗണപതിയെയും സുബ്രഹ്മണ്യ സ്വാമിയെയും വണങ്ങിയ ശേഷം സ്വരാജ് റൗണ്ടിൽ റോഡ് ഷോയ്ക്ക് തുടക്കമായി. പ്രവർത്തകർക്കൊപ്പം നടക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സമയം വൈകിയതും നേരമിരുട്ടയതും കാരണം തുറന്ന വാഹനത്തിൽ റോഡ് ഷോ നടത്തി. സ്വരാജ് റൗണ്ടിനു ഇരുവശവും നിന്നവരെ കൈവീശി അഭിവാദ്യം ചെയ്തു.

റൗണ്ട് ചുറ്റി കോർപ്പറേഷൻ പരിസരത്ത് റോഡ് ഷോ സമാപിച്ചു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി.ഗോപാലകൃഷ്ണൻ, സെക്രട്ടറി എ.നാഗേഷ്, സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചെറാക്കുളം, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ.അനീഷ് കുമാർ, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് അതുല്യഘോഷ് വെട്ടിയാട്ടിൽ എന്നിവർ നേതൃത്വം നൽകി. നൂറുക്കണക്കിനുപേർ റോഡ് ഷോയിൽ പങ്കെടുത്തു.