പുതുക്കാട്: കോൺഗ്രസ് നേതൃത്വം കെ.പി.സി.സി, ഡി.സി.സി നിർദേശങ്ങൾ അട്ടിമറിക്കുന്നുവെന്ന ആരോപണവുമായി ഡി.സി.സി സെക്രട്ടറിമാർ. എ.ഐ.സി.സി പ്രസിഡന്റ് വിതരണം ചെയ്ത ഐഡി കാർഡുള്ള ബൂത്ത് പ്രസിഡന്റുമാരെ അംഗീകരിക്കില്ലെന്ന മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാരുടെ നടപടിയ്‌ക്കെതിരെയാണ് ഡി.സി.സി സെക്രട്ടറിമാരായ ടി.എം.ചന്ദ്രൻ, സെബി കൊടിയൻ തുടങ്ങി നേതാക്കൾ രംഗത്തെത്തിയത്. ഡി.സി.സി. നിർദേശപ്രകാരം പ്രത്യേക യോഗം ചേർന്ന് തിരഞ്ഞെടുത്ത ബൂത്ത് പ്രസിഡന്റുമാരെ മണ്ഡലം കമ്മിറ്റി ഏകപക്ഷീയമായി മാറ്റി പുതിയവരെ തിരഞ്ഞെടുത്തത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മന്ദീഭവിപ്പിക്കുന്നതിനു വേണ്ടിയാണെന്നും ഡി.സി.സി സെക്രട്ടറിമാർ ആരോപിച്ചു. കെ.പി.സി.സി പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നതാണ്. തീരുമാനം ഉടൻ നടപ്പാക്കിയില്ലെങ്കിൽ പ്രത്യക്ഷസമരത്തിന് ഇറങ്ങുമെന്നും നേതാക്കൾ അറിയിച്ചു. ചൊവ്വാഴ്ച നടക്കുന്ന സ്‌നേഹ സന്ദേശയാത്രയുടെ സമാപന സമ്മേളനം വൻ വിജയമാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഡി.സി.സി സെക്രട്ടറിമാരായ ടി.എം.ചന്ദ്രൻ, സെബി കൊടിയൻ, കോൺഗ്രസ് മറ്റത്തൂർ മണ്ഡലം പ്രസിഡന്റ് ശിവരാമൻ പോതിയിൽ, ഡി.സി.സി അംഗം ടി.ഡി. വാസുദേവൻ എന്നിവർ പങ്കെടുത്തു