പെരുവനം മഹാദേവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടന്ന എണ്ണ സമർപ്പണം അഡ്വ. എ.യു. രഘുരാമപ്പണിക്കർ ഉദ്ഘാടനം ചെയ്യുന്നു.
ചേർപ്പ് : പെരുവനം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. ഇന്നലെ വൈകിട്ട് ക്ഷേത്രത്തിൽ നടന്ന എണ്ണ സമർപ്പണം അഡ്വ. എ.യു. രഘുരാമപ്പണിക്കർ ഉദ്ഘാടനം ചെയ്തു. പെരുവനം കുട്ടൻ മാരാർ, സതീശൻ മാരാർ, ആനക്കോട്ടിൽ ഉണ്ണിക്കൃഷ്ണൻ, പ്രവീൺ അഞ്ചേരി, രാഹുൽ, പെരുവനം അജിത്ത്, ദിനേശ്, പെരുവനം ഗണേശൻ, അനൂപ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു. ശ്രീദുർഗയുടെ സംഗീത ലയം, കഥകളി പൂതനാമോക്ഷം എന്നിവയുണ്ടായിരുന്നു. ശിവരാത്രി ദിവസമായ എട്ടിന് രാവിലെ ആറരയ്ക്ക് വിശേഷാൽ നിറമാല, ശിവസ്തുതി, ചതുശതം നിവേദ്യം, തിരുവാതിരക്കളി, വൈകിട്ട് അഞ്ചിന് അക്ഷരശ്ലോകം, ഭഗവത്ഗീത ശ്ലോകാഞ്ജലി, നിറമാല, ലക്ഷദീപം, നാദസ്വരം, ദീപാരാധന, പെരുവനം സതീശൻ മാരാരുടെ പഞ്ചവാദ്യം, സംഗീതക്കച്ചേരി, രാത്രി ഒമ്പതരയ്ക്ക് പിന്നണി ഗായകൻ സുദീപ് പാലനാട് നയിക്കുന്ന സംഗീത നിശ, ഇരട്ടയപ്പനും മാടത്തിലപ്പനും അഭിഷേകം, അത്താഴപൂജ, ശ്രീഭൂതബലി, പെരുവനം വിനുപരമേശ്വര മാരാരുടെ തായമ്പക, വിളക്കിനെഴുന്നള്ളിപ്പ്, പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം എന്നിവയുണ്ടാകും.