koodapuzha

ചാലക്കുടി: കലാഭവൻ മണിയുടെ ജീവിതത്തിന് വഴിത്തിരിവായ സല്ലാപത്തിലെ ചെത്തുതൊഴിലാളിയെ ഒരിക്കലും മറക്കാനാവില്ല, കൂടപ്പുഴക്കാരൻ മോഹനേട്ടന്. ആ കഥാപാത്രത്തിന് മാതൃകയാകാൻ കഴിഞ്ഞുവെന്നതിന്റെ ചാരിതാർത്ഥ്യം ഇന്നും 69 കാരന്റെ മനസിലുണ്ട്. പടമിറങ്ങി വർഷങ്ങൾ കഴിഞ്ഞാണ് മണി അഭിനയിച്ചു തകർത്ത ചെത്തുകാരൻ രാജൻ, നാട്ടിലെ മോഹനന്റെ പകർപ്പായിരുന്നുവെന്ന് സംവിധായകൻ സുന്ദർദാസ് പോലും അറിയുന്നത്. ചാനൽ അഭിമുഖത്തിലും ആനുകാലികങ്ങളിലും ഇക്കാര്യം മണി വെളിപ്പെടുത്തി. ജ്യേഷ്ഠൻ സുഭാഷ് ചന്ദ്രാസിന്റെ ശുപാർശ പ്രകാരമായിരുന്നു സുന്ദർദാസ് മണിയുടെ അഭിരുചി പരിശോധിക്കുന്നത്. കത്തിക്കൂട് ധരിക്കാതെ ചെത്തുതൊഴിലാളി നടക്കുന്നത് അഭിനയിച്ച മണിയെ കണ്ട കഥാകൃത്ത് ലോഹിതദാസും അമ്പരന്നു. ഈ മുഹൂർത്തമാകാം ഒരു പക്ഷെ മണിയുടെ ജീവിതത്തെ മാറ്റിയത്. ചേനത്തുനാട്ടിൽ ചെത്തിന് പോയ മോഹനൻ, ബാലനായ മണിയെ സ്വന്തം സഹോദരനായി കണ്ടു. ജീവിത പ്രാരാബ്ധങ്ങളും എല്ലാം നേരിട്ടറിഞ്ഞു. പിതാവ് കുന്നിശേരി രാമനും മോഹനേട്ടന്റെ ഉറ്റചങ്ങാതിയായി. അദ്ദേഹത്തിന്റെ നാടൻ പാട്ടും ഇപ്പോഴും നാവിൻ തുമ്പിലുണ്ട്. വലിയ നടനായിട്ടും പഴയകാലം മണി മറന്നില്ല. തന്റെ വീട്ടിൽ പലവട്ടം വന്നു. പശുക്കളുടെ ഒരു ഫാം തുടങ്ങുവാൻ സഹായിക്കാമെന്നും മണി ഒരിക്കൽ പറഞ്ഞിരുന്നു- മോഹനൻ ഓർത്തെടുത്തു. ഏത് സംഭവങ്ങളും ഒന്നു കണ്ടാൽ അനുകരിക്കാനുള്ള കഴിവ് മണിയുടെ ജന്മസിദ്ധമായ വാസനയായിരുന്നു. തന്റെ തൊഴിലും മനോഹരമായി അഭ്രപാളിയിലെത്തിച്ചതും ഇത്തരത്തിൽ തന്നെ. മോഹനേട്ടൻ പറഞ്ഞു. മക്കൾക്ക് വിദേശത്ത് ജോലിയും ഉയർന്ന സാമ്പത്തികവും കൈവന്നിട്ടും പഴയകാലവും തൊഴിലിന്റെ ഓർമ്മകളും താലോലിക്കുകയാണ് മോഹനേട്ടനും. ഭാര്യ രമണിയുമായി മക്കളുടെ അടുത്തേയ്ക്ക് പോകാനുമുള്ള തയ്യാറെടുപ്പിലുമാണ്.