1

തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ തൃശൂരിലെത്തിയ സുരേഷ് ഗോപിക്ക് ആവേശ വരവേൽപ്പ്. ഇതോടെ തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി വി.എസ്. സുനിൽകുമാർ നേരത്തെ തന്നെ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ഇനി യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രഖ്യാപനം കൂടി വന്നാൽ തീപാറും പോരാട്ടത്തിന് വേദിയാകും തൃശൂർ.

തിരുവനന്തപുരത്ത് നിന്ന് ഇന്നലെ കേരള എക്‌സ്പ്രസിൽ തൃശൂരിൽ വന്നിറങ്ങിയ സുരേഷ് ഗോപിക്ക് വൻവരവേൽപ്പാണ് എൻ.ഡി.എ നേതാക്കൾ നൽകിയത്. റെയിൽവേ സ്റ്റേഷനിൽ നിന്നവരുമായി സംസാരിച്ചും സെൽഫിക്ക് പോസ് ചെയ്തും വോട്ട് അഭ്യർത്ഥിച്ചും പുറത്തിറങ്ങിയ ശേഷം നൂറിലേറെ ബൈക്കുകളുടെ അകമ്പടിയോടെ മണികണ്ഠനാലിലേക്ക്. ബി.ജെ.പി, ബി.ഡി.ജെ.എസ് എന്നിവരുടെയും എൻ.ഡി.എയിലെ മറ്റ് ഘടക കക്ഷികളുടെയും നേതാക്കൾ നേതൃത്വം നൽകി.

മണികണ്ഠനാൽ ക്ഷേത്രത്തിലെ ഗണപതി, സുബ്രഹ്മണ്യൻ എന്നിവരെ വണങ്ങിയ ശേഷമാണ് തന്റെ രണ്ടാം അങ്കത്തിന് സുരേഷ് ഗോപി തുടക്കമിട്ടത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപിയായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി. പിന്നീട് നിയമസഭയിലേക്കും മത്സരിച്ചിരുന്നു. വൈകിട്ട് അഞ്ചിന് ആരംഭിക്കുമെന്ന് പറഞ്ഞ റോഡ് ഷോ ആറരയോടെയാണ് തുടങ്ങിയത്. സ്ത്രീകളടക്കം നൂറുക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു. ബാന്റ് മേളത്തിന്റെ അകമ്പടി തുറന്ന വാഹനത്തിൽ കയറി നിന്ന് സുരേഷ് ഗോപി വോട്ടർമാരെ അഭിവാദ്യം ചെയ്തു. റൗണ്ട് ചുറ്റി കോർപറേഷൻ പരിസരത്ത് റോഡ് ഷോ സമാപിച്ചപ്പോൾ ഏറെ വൈകിയിരുന്നു. സമാപനത്തിൽ പ്രവർത്തകർ നൃത്തം ചെയ്തപ്പോൾ കാറിൽ നിന്ന് തന്നെ സുരേഷ് ഗോപിയും ചുവടുവച്ചു.
എൻ.ഡി.എ നേതാക്കളായ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ, സെക്രട്ടറി എ. നാഗേഷ്, സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചെറാക്കുളം, ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സംഗീത വിശ്വനാഥ്, ജില്ലാ പ്രസിഡന്റ് അതുല്യഘോഷ് വെട്ടിയാട്ടിൽ, നേതാക്കളായ എം.എസ്. സമ്പൂർണ, വി. ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ, അഡ്വ. കെ.ആർ. ഹരി, ജസ്റ്റിൻ ജേക്കബ്ബ്, സുരേന്ദ്രൻ ഐനിക്കുന്നത്ത്, രവികുമാർ ഉപ്പത്ത്, പൂർണിമ സുരേഷ്, ദയാനന്ദൻ മാമ്പുള്ളി, വിൻഷി അരുൺ കുമാർ, രഘുനാഥ് സി. മേനോൻ, വിനോദ് പൊള്ളാഞ്ചേരി എന്നിവർ നേതൃത്വം നൽകി.