തൃശൂർ: മോദിയുടെ ഗ്യാരണ്ടി അത്ര ഒറിജിനൽ അല്ലെന്നു ജനം തിരിച്ചറിയുമെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. വെറുപ്പിനെതിരെ ടി.എൻ. പ്രതാപൻ എം.പി നയിക്കുന്ന സ്‌നേഹ സന്ദേശ യാത്ര ഒല്ലൂർ ബ്ലോക്ക് പര്യടനം ചിയ്യാരത്തു ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃശൂരിന്റെ മനുഷ്യ സ്‌നേഹത്തിന്റെ ഒറിജിനൽ പതിപ്പാണ് ടി.എൻ. പ്രതാപൻ എം.പി. ആത്മാഭിമാനമുള്ള ഒരാൾക്കും നെറികെട്ട ഭരണത്തിനെതിരെ പ്രതികരിക്കാതെ ഇരിക്കാനാകില്ല.
വന്യ ജീവികളെ കൊണ്ട് കാട്ടിലും സി.പി.എം ഗുണ്ടകളെക്കൊണ്ട് നാട്ടിലും എസ്.എഫ്.ഐക്കാരെ കൊണ്ട് കാമ്പസിലും രക്ഷയില്ലാതായി. പാവപ്പെട്ട വിദ്യാർത്ഥിയെ തല്ലിക്കൊന്നിട്ട് മിണ്ടാതിരിക്കുകയാണ് ഭരണകൂടം. പെട്രോളിന്റെയും ഗ്യാസിന്റെയും വില കൂടിയത് രാജ്യം ഭരിക്കുന്നവർക്ക് പ്രശ്‌നമല്ലെന്നും ഷാഫി പറഞ്ഞു.
റിസൻ വർഗീസ് അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ മുഖ്യതിഥിയായി. സുനിൽ അന്തിക്കാട്, ഷാജി കോടങ്കണ്ടത്ത്, ജോൺ ഡാനിയേൽ, സുനിൽ ലാലൂർ, ജെയ്ജൂ സെബാസ്റ്റ്യൻ, ശശി കുമാർ, സിജോ കടവിൽ, ടി.എം. രാജീവ്, കെ.സി. അഭിലാഷ്, കെ.എം. വിജയകുമാർ, ലീലാമ്മ തോമസ് എന്നിവർ പ്രസംഗിച്ചു.