suresh-gopi

തൃശൂർ: തന്റെ ത്രാണിക്കനുസരിച്ചാണ് ലൂർദ്ദ് മാതാവിന് കിരീടം നൽകിയതെന്ന് സുരേഷ് ഗോപി. തന്നേക്കാളധികം നൽകുന്ന വിശ്വാസികളുണ്ടാകാം. സ്വർണത്തിന്റെ കണക്കെടുക്കുന്നവർ സഹകരണ ബാങ്കുകളിലേക്ക് പോകണം. അവിടെ ചോരയും ജീവനും നഷ്ടപ്പെട്ടവരുടെ കണക്കെടുക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപി സമർപ്പിച്ച കിരീടം സംബന്ധിച്ച് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപക പ്രചാരണമുണ്ടായ സാഹചര്യത്തിലാണ് പ്രതികരണം.

കിരീടത്തിലെ സ്വർണത്തിന്റെ അളവ് പരിശോധിക്കാൻ പ്രത്യേക കമ്മിറ്റിയെ രൂപീകരിച്ചെന്ന് കോർപറേഷനിലെ കോൺഗ്രസ് കൗൺസിലറും ഇടവക പ്രതിനിധിയുമായ ലീല വർഗീസ് രംഗത്ത് പറഞ്ഞിരുന്നു. ഇടവക പ്രതിനിധി യോഗത്തിൽ സ്വർണത്തിന്റെ അളവ് പരിശോധിക്കണമെന്ന ആവശ്യം ഉയർന്നതിനെത്തുടർന്നാണിത്. പള്ളി വികാരിയെയും ട്രസ്റ്റിയെയും കൈക്കാരന്മാരെയും ചേർത്താണ് കമ്മിറ്റി രൂപീകരിച്ചത്.

ജനുവരി 15നാണ് സുരേഷ് ഗോപി ലൂർദ്ദ് കത്തീഡ്രൽ പള്ളിയിൽ കുടുംബത്തോടൊപ്പം എത്തി മാതാവിന് കിരീടം സമർപ്പിച്ചത്.