1

തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമത്സരം നടക്കുന്ന മണ്ഡലമാണ് തൃശൂർ. എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാത്ഥികൾ പ്രചാരണച്ചൂടിലാണ്. ഔദ്യോഗിക പ്രഖ്യാപനമായില്ലെങ്കിലും സിറ്റിംഗ് എം.പി കോൺഗ്രസിലെ ടി.എൻ. പ്രതാപനും അരയും തലയും മുറുക്കി രംഗത്തുണ്ട്. ദീർഘകാലം ഇടതുമുന്നണിയുടെ കൈയിലായിരുന്ന തൃശൂർ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യമാണ് സി.പി.ഐയിലെ ജനകീയ നേതാവായ വി.എസ്. സുനിൽകുമാറിലൂടെ എൽ.ഡി.എഫ് ലക്ഷ്യമിടുന്നത്. 'മോദി ഗ്യാരന്റി'യുമായി സുരേഷ്‌ ഗോപിയും സജീവം. കേരളകൗമുദിയുടെ 'ലീഡേഴ്‌സ് ടോക്ക്' പംക്തിയിൽ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് സംസാരിക്കുന്നു.

കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന വിവേചനവും മണ്ഡലത്തിലെ വികസന പിന്നാക്കാവസ്ഥയുമാണ് പ്രധാനം. അവകാശപ്പെട്ട ഫണ്ട് നൽകാതെയാണ് പ്രധാനമായും കേന്ദ്രത്തിന്റെ അവഗണന. എം.പി ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റ്, അംഗൻവാടി ക്ഷേമം തുടങ്ങിയവയല്ലാതെ കാര്യമായൊന്നും ചെയ്യാൻ സിറ്റിംഗ് എം.പിക്കായില്ല. വികസനത്തിന് പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കാനോ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി നടപ്പാക്കാനോ കഴിഞ്ഞില്ല.

ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിക്കാൻ താനില്ലെന്നാണ് ടി.എൻ. പ്രതാപൻ നേരത്തെ പറഞ്ഞിരുന്നത്. അദ്ദേഹത്തിന് നിയമസഭയിലേക്ക് മത്സരിക്കാനായിരുന്നു താത്പര്യം. മത്സരത്തിനില്ലെന്ന പ്രസ്താവനയിൽ തന്നെ ആത്മവിശ്വാസക്കുറവ് പ്രകടം. നാല് വർഷം അദ്ദേഹം മണ്ഡലത്തിലുണ്ടായിരുന്നില്ല. എം.പി ഫണ്ട് ചെലവാക്കിയതൊഴിച്ച് ഒന്നും ചെയ്തുമില്ല.

സുരേഷ്‌ ഗോപി 80 ശതമാനം നടനും 20 ശതമാനം രാഷ്ട്രീയക്കാരനുമാണ്. രാജ്യസഭാംഗമെന്ന നിലയിൽ അദ്ദേഹത്തിന് 30 കോടി ചെലവഴിക്കാൻ കിട്ടിയത്രെ. ഇതിൽ തൃശൂർ ജില്ലയ്ക്ക് ചെലവാക്കിയത് വെറും രണ്ട് കോടിയാണ്. തൃശൂരിന് പ്രാധാന്യം കൊടുക്കുന്നയാൾ ഗണ്യമായ സംഖ്യ ചെലവഴിക്കേണ്ടതല്ലേ? തോറ്റാലും മണ്ഡലത്തിലെ ജനങ്ങൾക്കിടയിൽ ഉണ്ടാകുമെന്ന് പറയുന്നു. തോറ്റ ശേഷമാണ് അദ്ദേഹം രാജ്യസഭാംഗമായത്. രാഷ്ട്രീയക്കാരനായതോടെ സെലിബ്രിറ്റിയെന്ന നിലയ്ക്കുള്ള വോട്ടും കിട്ടില്ല. ദേവാലയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനത്തിനാണ് മുൻതൂക്കം നൽകുന്നത്. ജനകീയപ്രശ്‌നങ്ങളിലല്ലേ ഇടപെടേണ്ടത്?

നല്ല ഭൂരിപക്ഷത്തോടെ മണ്ഡലം തിരിച്ചുപിടിക്കും. ഇടതുമുന്നണിക്ക് വലിയ സ്വാധീനമുണ്ട്. ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിലും എൽ.ഡി.എഫാണ്. ജനങ്ങളുമായി ദൈനംദിന ബന്ധമുണ്ട്. ഞങ്ങളുടെ സ്ഥാനാർത്ഥി വളരെ ജനകീയനാണ്. ഓരോ പ്രശ്‌നങ്ങളിലും ഇടപെട്ട നേതാവും ജനപ്രതിനിധിയുമാണ്. അത് ജനമനസിലുണ്ടാകും. പക്ഷേ, തിരഞ്ഞെടുപ്പിൽ ആരെയും കുറച്ചുകാണാനാകില്ല.