തൃശൂർ: ലോകവനിതാദിനമായ ഈ മാസം എട്ടിന് തൃശൂർ സാംസ്‌കാരിക അക്കാഡമി വനിതാകൂട്ടായ്മ സംഘടിപ്പിക്കും. സമൂഹത്തിൽ വ്യത്യസ്ത മേഖലകളിൽ മാതൃകാ പ്രവർത്തനം നടത്തുന്ന തൃശൂരിലെ വനിതകളെ ആദരിക്കും. രാവിലെ 10 മുതൽ തൃശൂർ പ്രസ് ക്ലബ് എം.ആർ. നായർ സ്മാരക ഹാളിലാണ് കൂട്ടായ്മയെന്ന് അക്കാഡമി പ്രസിഡന്റ് അഡ്വ. എ.ഡി. ബെന്നി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
'സ്ത്രീകളും അധികാരവും' എന്ന വിഷയത്തിൽ സംവാദം കേരള സംസ്ഥാന യുവജനകമ്മിഷൻ അംഗം അഡ്വ. ഗ്രീഷ്മ അജയ്‌ഘോഷ് നയിക്കും. മാദ്ധ്യമ പ്രവർത്തക ഗോപിക വാര്യർ മോഡറേറ്ററാകും. ഡോ. വീണ (ഗവേഷക), ഡോ. ബിന്ദു (വിദ്യാഭ്യാസ വിദഗ്ദ്ധ), അഡ്വ. ഗ്രീഷ്മ അജയ്‌ഘോഷ് (യുവജന പ്രവർത്തക), അപർണ ആരുഷി (സാഹിത്യകാരി), ഗോപിക വാര്യർ (മാദ്ധ്യമ പ്രവർത്തക), ബീന ബിനിൽ (കവി), മാധവിക്കുട്ടി (സാംസ്‌കാരിക പ്രവർത്തക), ഇളവരശി ജയകാന്ത് (സ്വയം സംരംഭക), മിനി കണ്ണൻ (ബ്യൂട്ടിഷൻ) എന്നിവരെയാണ് ആദരിക്കുക.
അക്കാഡമി ജനറൽ സെക്രട്ടറി മോഹൻദാസ് പാറപ്പുറത്ത്, കോ- ഓർഡിനേറ്റർ രാജൻ എലവത്തൂർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.