ration

തൃശൂർ : സാമ്പത്തിക നഷ്ടം ഉൾപ്പെടെ കടുത്ത പ്രതിസന്ധിയെ തുടർന്ന് കൊവിഡിന് ശേഷം അടച്ചുപൂട്ടിയത് ഇരുപതോളം റേഷൻ കടകൾ. സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഉൾപ്പെടെ നൽകിയതിന് ഇനിയും കുടിശിക ലഭിക്കാത്തത് മൂലം കടുത്ത പ്രതിസന്ധിയിലാണ് റേഷൻ വ്യാപാരമെന്ന് വ്യാപാരികൾ പറയുന്നു. സൗജന്യ ഭക്ഷ്യക്കിറ്റ് നൽകിയതിന് റേഷൻ വ്യാപാരികൾക്ക് നൽകേണ്ട കമ്മിഷൻ തുക നൽകണമെന്ന് സൂപ്രീം കോടതി ഉത്തരവുണ്ടായിട്ട് പോലും നടപടി ഉണ്ടാകുന്നില്ല. കൊവിഡിന് ശേഷം ഇരുപതോളം റേഷൻ കടകളാണ് ഇതിനകം താഴിട്ടത്. ഇതിന് പുറമേ റേഷൻ വിതരണത്തിൽ കൃത്രിമം കാണിച്ചതിന് ലൈസൻസ് റദ്ദാക്കിയ സംഭവങ്ങളുമുണ്ട്. റേഷൻ വ്യാപാരികളെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണമെന്നാണ് വ്യാപാരികളുടെ പ്രധാന ആവശ്യം.

കെ-സ്‌റ്റോറുകൾ നോക്കുകുത്തി

കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് സാധനം ലഭ്യമാക്കുന്നതിന് സംസ്ഥാനത്ത് ആരംഭിച്ച കെ - സ്‌റ്റോറുകളുടെ പ്രവർത്തനം ജില്ലയിലും നോക്കുകുത്തിയായി മാറി. ആവശ്യത്തിന് സാധനങ്ങൾ ലഭിക്കുന്നില്ലെന്ന് റേഷൻ വ്യാപാരികൾ പറഞ്ഞു. ഏതാനും ഉത്പന്നങ്ങൾ മാത്രമാണ് ലഭിക്കുന്നത്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് പലരും കെ-സ്‌റ്റോറിനുള്ള സൗകര്യം ഒരുക്കിയത്. ഒരു പഞ്ചായത്തിൽ ഒരു കെ സ്റ്റോർ എന്ന രീതിയിലായിരുന്നു തുടക്കം കുറിച്ചത്.

റേഷൻ വ്യാപാരികൾ പണിമുടക്കിലേക്ക്

റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌കരിക്കുക, കേരളത്തിലെ പൊതുവിതരണ മേഖലയോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണന ഒഴിവാക്കുക, കെ.ടി.പി.ഡി.എസ് ആക്ടിലെ അപാകത പരിഹരിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഏഴിന് സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളും അടച്ച് സെക്രട്ടേറിയേറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും മാർച്ച് നടത്തുമെന്ന് സംയുക്ത സമര സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സെബാസ്റ്റ്യൻ ചൂണ്ടൽ, പി.ജെ.ജോൺ, ഫ്രാൻസിസ് ചെമ്മണൂർ, കെ.കെ.സുരേഷ്, പ്രതീഷ് അപ്പു എന്നിവർ പങ്കെടുത്തു.