തൃശൂർ: ജില്ലാ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന യുവ അഭിഭാഷകൻ അഡ്വ. ടി.എസ്. മണികണ്ഠനെ സ്വകാര്യ ബസ് ജീവനക്കാർ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കേരള ബാർ കൗൺസിൽ അംഗം അഡ്വ. അഷറഫ് സാബാൻ പ്രതിഷേധിച്ചു. തൃശൂർ കോഴിക്കോട് റൂട്ടിലോടുന്ന അവാഫ ബസ്, ബൈക്ക് യാത്രികനായ അഡ്വ. മണികണ്ഠനെ പിറകിൽ നിന്നും ഇടിച്ചു വീഴ്ത്തി നിറുത്താതെ പോകുകയായിരുന്നു. ബസ് ജീവനക്കാരുടെ നിർദ്ദേശപ്രകാരം മറ്റൊരു ബസിലെ ജീവനക്കാർ സംഘം ചേർന്ന് അഡ്വ. മണികണ്ഠനെ മാരകമായി അക്രമിച്ച് പരിക്കേൽപ്പിച്ചു. അക്രമത്തിൽ പരിക്കേറ്റ് രക്തം ഛർദ്ദിച്ചതിനെത്തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അഡ്വ. മണികണ്ഠനെ അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്ന് ബാർ കൗൺസിൽ അംഗം അഡ്വ. അഷറഫ് സാബാൻ ആവശ്യപ്പെട്ടു.