തൃശൂർ: മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ സ്ഥിരം സൂപ്രണ്ടിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന സമരവേലിയേറ്റങ്ങൾക്കൊടുവിൽ നിയമിതനായ സൂപ്രണ്ടിനും ഇതാ സ്ഥലംമാറ്റം..! തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി വിഭാഗത്തിന്റെ സുഗമമായ നടത്തിപ്പിനാണ് തൃശൂർ മെഡിക്കൽ കോളേജ് സൂപ്രണ്ടും ന്യൂറോ സർജറി പ്രൊഫസറുമായ ഡോ. ബി.എസ്. സുനിൽകുമാറിനെ മാറ്റിയതത്രെ.
അതേസമയം സൂപ്രണ്ടിനെ മാറ്റിയതിന് പിന്നിൽ ഇടപെടൽ നടന്നിട്ടുണ്ടോയെന്നും സംശയിക്കുന്നു. അടിയന്തര പ്രാധാന്യത്തോടെ തിരുവനന്തപുരത്ത് ചുമതലയേൽക്കണമെന്നാണ് സ്ഥലംമാറ്റ ഉത്തരവിലുള്ളത്. ഇതിനാൽ ഇന്ന് തന്നെ ചുമതല ഒഴിഞ്ഞേക്കും. അഞ്ച് മാസം മുമ്പാണ് സൂപ്രണ്ട് സ്ഥാനം വഹിച്ചിരുന്ന ഡെപ്യുട്ടി സൂപ്രണ്ടിനെ മാറ്റി ഡോ. സുനിൽ കുമാറിനെ സൂപ്രണ്ടാക്കിയത്. ഒരു വർഷത്തിലേറെ കാലം സൂപ്രണ്ട് ഇൻ ചാർജായിരുന്ന ഡെപ്യൂട്ടി സൂപ്രണ്ട് നിഷ എം. ദാസിനെതിരെ ആരോപണങ്ങളും സമരങ്ങളും വ്യപകമായിരുന്നു.
പ്രതിപക്ഷ സമരത്തിന് പുറമേ ഭരണാനുകൂല യൂണിയനുകളും യുവജന സംഘടനകളും രംഗത്ത് വന്നതോടെയാണ് ഡോ. സുനിൽ കുമാറിനെ സൂപ്രണ്ടായി നിയമിച്ചത്. എച്ച്.ഡി.എസ് വിഭാഗത്തിലെ ക്രമക്കേട്, ഇന്ത്യൻ കോഫി ഹൗസ് കെട്ടിടം പൊളിച്ച സംഭവം, ജീവനക്കാർക്ക് ചുവന്ന യൂണിഫോം തുടങ്ങി നിരവധി വിവാദങ്ങൾ മെഡിക്കൽ കോളേജിൽ ഉയർന്നിരുന്നു.
എച്ച്.ഡി.എസ് വിഭാഗത്തിൽ ശുദ്ധികലശം
നിരവധി ആരോപണങ്ങൾ നേരിട്ട എച്ച്.ഡി.എസ് വിഭാഗത്തിൽ പുതിയ സൂപ്രണ്ട് വന്നതോടെ ഉണ്ടായത് കർശന ഇടപെടൽ. പാർക്കിംഗ് ഫീ ക്രമക്കേട് നടന്ന സമയം ജീവനക്കാരെ മെഡിക്കൽ കോളേജിന് പുറത്തേക്ക് സ്ഥലം മാറ്റി. മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ നിർദ്ദേശപ്രകാരം അഞ്ചു വർഷത്തെ ഫയലുകളും പരിശോധന നടത്തി. സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് ഇതിനായി സൗകര്യം ഒരുക്കിയത്. ഒരു കോടിയിലേറെ രൂപയുടെ ക്രമക്കേടാണ് ഇതിൽ കണ്ടെത്തിയത്. ഇതുസംബന്ധിച്ച റിപ്പോർട്ട് മെഡിക്കൽ എഡ്യുക്കേഷൻ ഓഫീസർക്ക് സമർപ്പിച്ചെങ്കിലും കുറ്റക്കാർക്കെതിരെ യാതാരു നടപടിയും ഉണ്ടായിട്ടില്ല.
ഡോ. രാധിക, സൂപ്രണ്ട് ഇൻ ചാർജ്?
സൂപ്രണ്ട് സ്ഥലം മാറിപ്പോകുന്നതോടെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രാധികയ്ക്കാകും ചുമതല. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ സൂപ്രണ്ടിന്റെ നിയമനവും വൈകിയേക്കും.
നോഡൽ ഓഫീസർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന്
വിജിലൻസ് അന്വേഷണം നേരിടുന്ന മെഡിക്കൽ കോളേജ് പാത്തോളജി വിഭാഗം അസി. പ്രൊഫസർ ഡോ. നിഷ എം. ദാസിനെ രണ്ടാം വർഷ എം.ബി.ബി.എസ് പരീക്ഷയുടെ നോഡൽ ഓഫീസറായി നിയമിച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചാൻസലർ കൂടിയായ ഗവർണർക്ക് പരാതി നൽകി. ഉയർന്ന യോഗ്യതയുള്ള നിരവധി പേർ ഉണ്ടെന്നിരിക്കെ ഈ നിയമനം ശരിയല്ലെന്ന് ചിറമനേങ്ങാട് സ്വദേശി ലിബിൻ കെ. മോഹനനാണ് പരാതി നൽകിയത്.