എൻ.ഡി.എ ചേർപ്പ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് ശേഷം ചേർപ്പിൽ നടന്ന റോഡ് ഷോയിൽ പങ്കെടുക്കുന്ന സുരേഷ് ഗോപി.
ചേർപ്പ്: അഞ്ച് വർഷം കുളം തോണ്ടിയ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് തൃശൂർ ലോക്‌സഭ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി. എൻ.ഡി.എ ചേർപ്പ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും പെരുമ്പിള്ളിശ്ശേരിയിൽ റോഡ് ഷോയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ഥലം എ.പിയായില്ലെങ്കിലും ഒരു രാജ്യസഭാ എം.പിയെന്ന നിലയിൽ കഴിവ് തെളിയിക്കാനായി. നിലവിലെ എം.പിയുടെ മേന്മയെക്കുറിച്ച് തനിക്കോ ജനങ്ങൾക്കോ ഒന്നും പറയാനില്ല. അവർക്കെതിരെയുള്ള വിധിയെഴുത്താകണം ഈ ലോക്‌സഭ തെരഞ്ഞെടുപ്പെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ, സെക്രട്ടറി അഡ്വ. കെ.ആർ. ഹരി, മണ്ഡലം പ്രസിഡന്റ് സിജോ ഫ്രാൻസീസ്, ഏരിയാ പ്രസിഡന്റ് സി. വിജയൻ, പി.കെ. ബാബു എന്നിവർ പ്രസംഗിച്ചു. തിരുവുള്ളക്കാവിൽ നിന്ന് നിരവധി പ്രവർത്തകർ പങ്കെടുത്ത റോഡ് ഷോയും ഉണ്ടായിരുന്നു.