
കോഴിക്കോട് / പേരാമ്പ്ര /ചാലക്കുടി: ഇടുക്കി നേര്യമംഗം സ്വദേശി ഇന്ദിര കൊല്ലപ്പെട്ടതിനു പിന്നാലെ ഇന്നലെ കോഴിക്കോട്ടും അതിരപ്പിള്ളിയിലുമുണ്ടായ കാട്ടാന - കാട്ടുപോത്ത് ആക്രമണങ്ങളിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. കോഴിക്കോട് കക്കയത്ത് ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിന്റെ കുത്തേറ്റാണ് കർഷകനായ പാലാട്ടിൽ അബ്രഹാം (അവറാച്ചൻ 70) കൊല്ലപ്പെട്ടത്. അതിരപ്പിള്ളിയിൽ വനവിഭവം ശേഖരിക്കാൻ വനത്തിൽ പോയ പുളിയിലപ്പാറ വാച്ചുമരം കോളനിയിലെ മൂപ്പൻ രാജന്റെ ഭാര്യ വത്സയെയാണ് (68) കാട്ടാന ചവിട്ടിക്കൊന്നത്. ഒപ്പമുണ്ടായിരുന്ന രാജൻ ഓടി രക്ഷപ്പെട്ടു.
ഇന്നലെ വൈകിട്ട് മൂന്നരയോടെ വാച്ചുമരം കോളനിയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള നീളൻ പാറയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഇതോട്ടെ രണ്ട് ദിവസത്തിനിടെ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവർ മൂന്നായി.
ഇന്നലെ വൈകിട്ട് മൂന്നിനാണ് കക്കയം ചുരത്തിന് സമീപത്തെ കശുഅണ്ടി തോട്ടത്തിൽ വച്ചാണ് അബ്രഹാമിനെ കാട്ടുപോത്ത് കുത്തിയത്. അബ്രഹാമിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: തെയ്യാമ്മ. മക്കൾ: ജോബിഷ്, ജോമോൻ, ജെഷ്ന. മരുമക്കൾ: സിജോ, മരിയ.
അബ്രഹാമിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നൽകണമെന്നും കാട്ടുപോത്തിനെ വെടിവച്ചുകൊല്ലണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ കോൺഗ്രസ് പ്രതിഷേധിച്ചു. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തകർ മൃതദേഹം കൊണ്ടുപോയ ആംബുലൻസ് തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചു. കാട്ടുപോത്തിനെ വെടിവച്ചുകൊല്ലാൻ കളക്ടർ അനുമതി നൽകിയതോടെയാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയത്. സംസ്‌കാരം ഇന്ന്.
വത്സ പോയത് മൂന്ന് ദിവസം മുമ്പ്
മരോട്ടിക്കയടക്കമുള്ള വനവിഭവം ശേഖരിക്കാൻ രാജനൊപ്പം മൂന്ന് ദിവസം മുമ്പാണ് വത്സ കാട്ടിൽ പോയത്. നീണൻപാറയിലെ ഈറ്റക്കാട്ടിൽ പെറുക്കിക്കൂട്ടിയ മരോട്ടിക്ക തല്ലിക്കൂട്ടുന്നതിനിടെയാണ് മഞ്ഞക്കൊമ്പനെന്ന കാട്ടാന വത്സയെ ചവിട്ടിക്കൊന്നത്. രക്ഷപ്പെട്ട രാജനാണ് കോളനിയിലെത്തി കൊല്ലത്തിരുമേട് സ്റ്റേഷനിൽ വിവരമറിയിച്ചത്. തുടർന്ന് വനപാലകരും ആദിവാസികളും ചേർന്ന് മൃതദേഹം സ്‌ട്രെച്ചറിൽ കോളനിയിലെത്തിച്ച് ജീപ്പിൽ കയറ്റി ചാലക്കുടിയിലേക്ക് കൊണ്ടുവന്നു. മക്കൾ രാജാമണി, സുരേന്ദ്രൻ, പൊന്നപ്പൻ, ജനാർദ്ദനൻ, അഞ്ജലി. വത്സയുടെ പോസ്റ്റുമോർട്ടം ഇന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ നടക്കും.
വീട്ടമ്മ കിണറ്റിൽ കിടന്നത് ഒരു ദിവസം
കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ കിണറ്റിൽ വീണ വീട്ടമ്മ രക്ഷപ്പെട്ടത് ഒരു ദിവസത്തിനു ശേഷം. അടൂർ ഏറത്ത് പരുത്തിപ്പാറ പ്ലാവിയിൽ വീട്ടിൽ ബാബുവിന്റെ ഭാര്യ എലിസബത്ത് ബാബുവാണ് (58) രക്ഷപ്പെട്ടത്. അമ്പതടി താഴ്ചയും അഞ്ചടി വെള്ളവുമുള്ള കിണറ്റിലാണ് എലിസബത്ത് വീണത്.
അതിനിടെ ഇന്നലെ രാവിലെ കൽപ്പറ്റ കോട്ടത്തറയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗവ.ഹയർസെക്കൻഡറി സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമത്തു സഹനയ്ക്ക് (14) പരിക്കേറ്റു.
'വന്യജീവി ആക്രമണത്തിൽ ആളുകൾ മരിക്കുന്നത് കൊലപാതകമാണ്. ഇതിന് ഉത്തരവാദികൾ സർക്കാരാണ്".
- വി.ഡി. സതീശൻ, പ്രതിപക്ഷ നേതാവ്