1

ടി.എൻ. പ്രതാപന്റെ സ്‌നേഹ സന്ദേശയാത്രയ്ക്ക് സമാപനം

തൃശൂർ: അന്തിക്കാട് ചെത്തുത്തൊഴിലാളി സമരത്തിന്റെ മുൻനിര പോരാളിയുമായിരുന്ന എൻ.സി. ശങ്കരന്റെ 23-ാം ചരമവാർഷികദിനത്തിൽ, അദ്ദേഹത്തിന്റെ വസതിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് തൃശൂർ ലോക്‌സഭാ മണ്ഡലം ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വ. വി.എസ്. സുനിൽകുമാർ ചൊവ്വാഴ്ച പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടത്. തുടർന്ന് നടന്ന അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു.
തുടർന്ന് തൃശൂർ ശക്തൻ നഗറിലെ പച്ചക്കറി മാർക്കറ്റിൽ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംഘടിപ്പിച്ച പരിപാടിയിലും പങ്കെടുത്തു. അതിനുശേഷം കുട്ടനെല്ലൂർ സി. അച്ചുതമേനോൻ ഗവ. കോളേജിൽ ഹന്താല കോളേജ് യൂണിയൻ സംഘടിപ്പിച്ച കലാകായിക മത്സരങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഔസേപ്പച്ചൻ, നിരുപകൻ സി.ആർ. പരമേശ്വരൻ തുടങ്ങി പ്രമുഖരുടെ വീടുകളിലെത്തി. ബുധനാഴ്ച രാവിലെ ഒമ്പതിന് ഗുരുവായൂർ മണ്ഡലത്തിലെ പര്യടനം പൂർത്തിയാക്കിയശേഷം ഉച്ചയ്ക്കശേഷം മണലൂർ മണ്ഡലത്തിലെ വാടാനപ്പിള്ളിയിൽ സംഘടിപ്പിക്കുന്ന റോഡ് ഷോയിലും സ്ഥാനാർത്ഥി പങ്കെടുക്കും.


മണ്ഡലം പര്യടനത്തിന് തുടക്കം കുറിച്ച് സുരേഷ് ഗോപി

തൃശൂർ: കഴിഞ്ഞ ദിവസം റോഡ് ഷോയിലൂടെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് തുടക്കമിട്ട എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി ഇന്നലെ ചേർപ്പ് മണ്ഡലത്തിലാണ് പര്യടനം നടത്തിയത്. അവിണിശ്ശേരി സെന്റ്‌ ജോസഫ് പള്ളിയിൽ നിന്ന് പ്രാർത്ഥനയോടെയായിരുന്നു ആരംഭം. തുടർന്ന് വികാരിയെ കണ്ട് അനുഗ്രഹം വാങ്ങി. അവിണിശേരിയിലെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തിയ ശേഷം പാറളം പഞ്ചായത്തിലെ ശാസ്താംകട് കോളനിയിലും കോടന്നൂർ, ചേർപ്പ്, ചാഴൂർ മേഖലകളിലും പര്യടനം നടത്തി. ഇന്ന് രാവിലെ ഏഴരയ്ക്ക് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കാനിറങ്ങുന്നവരെ കാണും. തുടർന്ന് ശക്തൻ വെജിറ്റബിൾ മാർക്കറ്റിലും സന്ദർശനം നടത്തും. പിന്നീട് വിവിധ സ്ഥാപനങ്ങളിലും വ്യക്തികളെയും സന്ദർശിക്കും.

സ്‌നേഹസന്ദേശയാത്രയ്ക്ക് ഉജ്ജ്വല സമാപനം

പുതുക്കാട്: വെറുപ്പിനെതിരെ സ്‌നേഹത്തിന്റെ സന്ദേശം പകർന്ന് ടി.എൻ. പ്രതാപൻ എം.പി നടത്തിയ സ്‌നേഹസന്ദേശയാത്രയ്ക്ക് പുതുക്കാട് സമാപനം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ഇക്കഴിഞ്ഞ 20ന് വടക്കെക്കാട് നിന്നും ആരംഭിച്ച യാത്ര തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ എല്ലാ ഭാഗങ്ങളിലും സ്‌നേഹസന്ദേശവുമായി കടന്നുചെന്നു. സമൂഹത്തിൽ വെറുപ്പ് പടർത്താനുള്ള വർഗീയശക്തികളുടെ ശ്രമങ്ങൾക്ക് താക്കീതായി ഓരോ സ്ഥലത്തും ലഭിച്ച സ്വീകരണം. സുധൻ കരയിൽ അദ്ധ്യക്ഷനായി. സോമൻ മൂത്രത്തിക്കര, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, എം.പി. വിൻസെന്റ്, ഒ. അബ്ദുറഹ്മാൻകുട്ടി, അനിൽ അക്കര, സുനിൽ അന്തിക്കാട്, സി.സി. ശ്രീകുമാർ, കെ.എം. ബാബുരാജ്, എം.കെ. പോൾസൺ, ടി.എം. ചന്ദ്രയൻ, സെബി കൊടിയൻ, ജോസ് മാസ്റ്റർ, രാജു താളിയപറമ്പിൽ, രഞ്ജിത്ത് കൈപ്പുള്ളി എന്നിവർ സംബന്ധിച്ചു.