
തൃശൂർ : വർഗ്ഗീയ ഫാസിസവും കമ്മ്യൂണിസവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും ഇത് ജനം തിരിച്ചറിഞ്ഞുവെന്നും അതിന്റെ പ്രതിഫലനം വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ടി.എൻ.പ്രതാപന്റെ സ്‌നേഹ സന്ദേശ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്തമരായ കമ്മ്യൂണിസ്റ്റുകാർ വർഗ്ഗീയതയ്‌ക്കെതിരെ ഇത്തവണ യു.ഡി.എഫിനൊപ്പം നിൽക്കും. ബി.ജെ.പി - സി.പി.എം അവിശുദ്ധ കൂട്ടുകെട്ട് നിലനിൽക്കുന്നതിന് തെളിവാണ് ലാവ്‌ലിൻ കേസ് 35ാം തവണ മാറ്റിവെച്ചതും കൊടകര കുഴൽപ്പണക്കേസ് അട്ടിമറിക്കപ്പെട്ടതും. ക്രിമിനലുകൾക്ക് വിഹരിക്കാൻ കേരളം വിട്ടുകൊടുക്കുകയാണ് പിണറായി വിജയൻ ചെയ്യുന്നതെന്നും സതീശൻ പറഞ്ഞു.