
തൃശൂർ: ചുണ്ടിൽ തുളച്ച് കയറിയ ചൂണ്ടക്കൊളുത്തും ചരടും മരച്ചില്ലയിൽ കുടുങ്ങിയതിനെത്തുടർന്ന് മരണത്തോട് മല്ലടിച്ച കൊക്കിനെ ഫയർഫോഴ്‌സ് രക്ഷിച്ചു. ശക്തൻ മീൻ മാർക്കറ്റിന് സമീപമുള്ള മരത്തിന് മുകളിലാണ് കൊക്ക് കുടുങ്ങിയത്. അവശനിലയിൽ തൂങ്ങിക്കിടന്ന കൊക്കിനെ കണ്ട മത്സ്യ മാർക്കറ്റിലെ ചുമട്ടുതൊഴിലാളികൾ ഫയർ ഫോഴ്‌സിൽ വിവരം അറിയിച്ചു.
സേനാംഗമായ പ്രകാശ് മരത്തിനു മുകളിൽ കയറി കൊക്കിനെ താഴെയിറക്കി. കൊക്കിന്റെ ചുണ്ടിൽ നിന്ന് ചൂണ്ടക്കൊളുത്തും നൈലോൺ നൂലും നീക്കി പ്രാഥമിക ചികിത്സ നൽകി. പിന്നീട് പറന്നുപോകാൻ അനുവദിച്ചു. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ രഞ്ജിത്ത് സേനാംഗങ്ങളായ പ്രജീഷ്, സന്ദീപ്, സജീഷ്, ബിനോദ്, രാകേഷ് എന്നിവരാണ് രക്ഷിച്ചത്.