ചാലക്കുടി: അതിരപ്പിള്ളി വാച്ചുമരത്ത് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ആദിവാസി വൃദ്ധ വത്സയുടെ മൃതദേഹം കോളനിയിൽ ചടങ്ങുകളോടെ സംസ്കരിച്ചു. വൃദ്ധയുടെ മരണത്തിൽ സർക്കാർ അനാസ്ഥ ആരോപിച്ച് കോൺഗ്രസും ബി.ജെ.പിയും കരിദിനമാണ് പ്രഖ്യാപിച്ചതെങ്കിലും കോൺഗ്രസ് പ്രവർത്തകർ കടകൾ അടപ്പിച്ച് ഹർത്താൽ ആചരിച്ചു. പിന്നാലെ തുമ്പൂർമുഴിയിൽ ആനക്കൂട്ടം റോഡിലിറങ്ങിയതിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിക്കുകയായിരുന്ന പത്തോളം കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കഴിഞ്ഞദിവസത്തെ സംഘർഷം കൂടി കണക്കിലെടുത്ത് കനത്ത പൊലീസ് ബന്തവസിൽ താലൂക്ക് ആശുപത്രിയിൽ രാവിലെയായിരുന്നു പോസ്റ്റുമോർട്ടം നടപടി.