kalabhavan

ചാലക്കുടി: കലാഭവൻ മണിയുടെ എട്ടാം ചരമവാർഷികം ആചരിച്ച് നാടും നഗരവും. പുഷ്പാർച്ചന, അനുസ്മരണം, പുരസ്‌കാര വിതരണം, അന്നദാനം തുടങ്ങിയ പരിപാടികൾ വിവിധ സംഘടനകളും ആരാധകരും ചേർന്ന് സംഘടിപ്പിച്ചു. നഗരസഭയും കലാഭവൻ മണി അനുസ്മരണ സമിതിയും ചേർന്ന് രാവിലെ ചേനത്തുനാട് മണി കൂടാരത്തിലെ സ്മൃതി മണ്ഡപത്തിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.

നഗരസഭ ചെയർമാൻ എബി ജോർജ്, വൈസ് ചെയർപേഴ്‌സൺ ആലീസ് ഷിബു, പ്രതിപക്ഷ നേതാവ് സി.എസ്.സുരേഷ്, മുൻ ചെയർമാൻ വി.ഒ.പൈലപ്പൻ, സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്.സതീഷ് കുമാർ, സംവിധായകൻ സുന്ദർദാസ്, നഗരസഭ കൗൺസിലർമാരായ ദീപു രവി, സൂസമ്മ ആന്റണി, സൂസി സുനിൽ എന്നിവർ പുഷ്പാർച്ചന നടത്തി. കുന്നിശേരി രാമൻ സ്മാരക കലാഗ്രഹത്തിലും അനുസ്മരണ ചടങ്ങ് നടന്നു. കുന്നിശ്ശേരി കുടുംബ ട്രസ്റ്റ്, പു.ക.സ, പട്ടികജാതി ക്ഷേമ സമിതി എന്നിവ സംയുക്താഭിമുഖ്യത്തിലായിരുന്നു ചടങ്ങ്.

സംവിധായകൻ വിനയൻ ഉദ്ഘാടനം ചെയ്തു. സമിതിയുടെ പ്രഥമ പുരസ്‌കാരം കലാഭവൻ പീറ്ററിന് സമ്മാനിച്ചു. പ്രൊഫ.സി.രവീന്ദ്രനാഥ് അനുസ്മരണ പ്രഭാഷണം നടത്തി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ.സുദർശൻ, പു.ക.സ ജില്ലാ ജോ.സെക്രട്ടറി കെ.രമ, സിനിമാ താരങ്ങളായ സൂരജ് സൺ, മണികണ്ഠൻ, സീമാ ജി.നായർ, പ്രദീപ് സോമസുന്ദരം, പുന്നപ്ര പ്രശാന്ത്, കലാഭവൻ സതീഷ്, വർഷം വിക്രം, അച്യുതൻ ചാങ്കൂർ, സിന്ധു പന്തളം, നഗരസഭ കൗൺസിലർ ദീപു ദിനേശ്, മണിയുടെ സഹോദരൻ ഡോ.ആർ.എൽ.വി.രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. മണിയുടെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചനയും തുടർന്ന് അന്നദാനവും നടത്തി.