
തൃശൂർ : തിരഞ്ഞെടുപ്പ് ചൂട്, അതിനെ വെല്ലുന്ന വേനൽച്ചൂട്. പ്രചരണത്തിനിറങ്ങുന്ന സ്ഥാനാർത്ഥികളെ എതിർ സ്ഥാനാർത്ഥികളുടെ നയത്തേക്കാൾ വെട്ടിലാക്കുന്നത് കടുത്തവേനലാണ്. ഇനിയും ചൂട് കൂടുമെന്ന മുന്നറിയിപ്പിനിടെ പ്രതിരോധിക്കാൻ പ്ളാനുമായി ഒരുങ്ങുകയാണ് സ്ഥാനാർത്ഥികളും അണികളും. ചൂടേറുന്ന രാവിലെ പതിനൊന്ന് മുതൽ വൈകീട്ട് മൂന്ന് വരെ പ്രചരണം വേണ്ടായെന്നാണ് തീരുമാനമെങ്കിലും പലപ്പോഴും ഇതിന് കഴിയാറില്ലെന്നാണ് സ്ഥാനാർത്ഥികളും കൂട്ടാളികളും പറയുന്നത്. ചൂടേറുന്നതും ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇനിയും നീളുന്നതിനാൽ നീണ്ട പ്രചരണ കാലയളവും സ്ഥാനാർത്ഥികൾക്ക് വെല്ലുവിളിയാകും.
ഉച്ചയ്ക്ക് വിശ്രമമെന്ന രീതിയിലാണ് പ്രചരണ ഷെഡ്യൂൾ നിശ്ചയിച്ചതെങ്കിലും പ്രചരണപരിപാടികൾ പലപ്പോഴും കൃത്യത പാലിക്കാനാവാറില്ല. പ്രവർത്തകരുടെ അമർഷം ഒഴിവാക്കാൻ വിശ്രമമെടുക്കാതെയാണ് പ്രചരണം. അതേസമയം തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരാൻ ഇനിയും ദിവസങ്ങളെടുക്കുമെങ്കിലും ജില്ലയിലെ നഗരത്തിലും നാട്ടിൻ പുറങ്ങളിലും തിരഞ്ഞെടുപ്പ് അടുത്ത പ്രതീതിയാണ്. സർക്കാർ ഓഫീസുകളുടെ മതിലിലും വൈദ്യുതി പോസ്റ്റിലും മറ്റും പോസ്റ്റർ പതിക്കുകയോ എഴുതുകയോ ചെയ്യരുതെന്നാണ് ചട്ടം. തിരഞ്ഞെടുപ്പ് ചട്ടം നിലവിൽ വരുന്നതോടെ ഇതെല്ലാം നീരീക്ഷകരെത്തി കരി ഓയിൽ ഒഴിച്ചുകളയും.
ചെലവേറുമെന്ന് നേതാക്കൾ
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് സ്ഥാനാർത്ഥികൾ രംഗത്തിറങ്ങിയതോടെ ഇത്തവണ ചെലവേറുമെന്നാണ് നേതാക്കളുടെ അടക്കം പറച്ചിൽ. നേരത്തെ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന്റെ രണ്ട് ദിവസം മുമ്പോ, അവസാന ദിനങ്ങളിലോ ആണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. അതുകൊണ്ട് ചുരുങ്ങിയ ദിവസം മാത്രമാണ് പ്രചരണത്തിന് ലഭിക്കുക.
സുനിൽ കുമാർ രാവിലെ ഇറങ്ങും
പ്രചരണ കാര്യത്തിൽ സമയക്രമം നിശ്ചയിച്ചിരിക്കുകയാണ് തൃശൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചരണത്തിന് നേതൃത്വം നൽകുന്ന നേതാക്കൾ. രാവിലെ ആറിന് സുനിൽകുമാർ കളത്തിലിറങ്ങും. പ്രചരണം രാവിലെ പത്ത് വരെ മാത്രം. പിന്നീട് നടന്ന് പ്രചരണമില്ല. വൈകീട്ട് പ്രചരണം വൈകീട്ട് നാല് മുതൽ രാത്രി എട്ട് വരെയാണ്. എന്നാൽ തിരഞ്ഞെടുപ്പ് അടുക്കുംതോറും ഇത്തരം നിയന്ത്രണം സാദ്ധ്യമല്ലെന്നും നേതാക്കൾ പറഞ്ഞു. വി.എസ്.സുനിൽകുമാർ ഇന്നലെ മുതിർന്ന നേതാവ് പി.കെ.പുഷ്പാംഗദന്റെ വസതിയിൽ നിന്നായിരുന്നു തുടക്കം. രാവിലെ ചാവക്കാട് മേഖലയിലെ പൗരപ്രമുഖർ, ചേറ്റുവ ടി.എം.സി ഹോസ്പിറ്റൽ, ചേറ്റുവ ജുമാ മസ്ജിദ്, തെക്കേ തലക്കൽ ജുമാ മസ്ജിദ്, ഒരുമനയൂർ എ.യു.പി സ്‌കൂൾ, മുത്തൻമാവ് നെടിയംകുളങ്ങര ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ പര്യടനം നടത്തി.
വിശ്രമമില്ലാതെ സുരേഷ് ഗോപി
വിശ്രമമില്ലാതെ ഓട്ടത്തിലാണ് സുരേഷ് ഗോപി. ആദ്യദിനം ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ് വിശ്രമിച്ചെങ്കിലും ഇന്നലെ തുടർച്ചയായി നഗരത്തിലെ പ്രമുഖ വ്യക്തികളെ കണ്ടും സ്ഥാപനങ്ങളിലെത്തിയും വോട്ടഭ്യർത്ഥിച്ചു. രാവിലെ ഏഴോടെ പാലസ് ഗ്രൗണ്ടിൽ നിന്നായിരുന്നു തുടക്കം. കല്യാൺ സിൽക്‌സ് എം.ഡി ടി.എസ്.പട്ടാഭിരാമൻ ഉൾപ്പെടെയുള്ളവരെ സന്ദർശിച്ചു. ശക്തൻ മാർക്കറ്റിലും പ്രമുഖ സ്ഥാപനങ്ങളിലും കയറി. തൃശൂരിലെ പ്രൊഫിൻസ് കോളേജിൽ അപ്രതീക്ഷിതമായി കയറി വിദ്യാർത്ഥികളുമൊന്നിച്ച് പാട്ടുപാടി. ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ, അഡ്വ.കെ.ആർ.ഹരി എന്നിവരും സുരേഷ് ഗോപിക്ക് ഒപ്പമുണ്ടായിരുന്നു.