കുന്നംകുളം: ആലത്തൂർ കാവിശേരി സ്വദേശി സുധാകരന്റെ ചായകടയിലെ രുചി കലവറയ്ക്ക് അരനൂറ്റാണ്ടിന്റെ
പെരുമ. വടക്കഞ്ചേരി പഴയന്നൂർ പാതയിൽ തെക്ക് മണ്ണ് തോണിക്കടവ് സ്വദേശി കുന്നത്ത് വീട്ടിൽ സുധാകരനും ,ഭാര്യ രുക്മിണിയും ചേർന്ന് നടത്തുന്ന നാട്ടിൻ പുറത്തെ സുരേഷ് ഹോട്ടലാണ് വിശക്കുന്നവർക്ക് പോഷകസമൃദ്ധമായ രുചിയേറുന്ന ഭക്ഷണം നൽകി 50 വർഷം പിന്നിടുന്നത്.
രാവിലെ നാലിന് വീട്ടിലെ പാചക കലവറയിൽ ഇഡലി ,വെള്ളേപ്പം ,ദോശ, പൂരി കൂടെ കഴിക്കാനുള്ള സ്വാദിഷ്ടമായ ചട്ണി, സാമ്പാർ , മസാലക്കറി എന്നിവ തയ്യാറാക്കും പുലർച്ച അഞ്ചു മുതൽ പ്രഭാത ഭക്ഷണം കഴിക്കാനായി നിരവധിയായ വാഹനയാത്രക്കാരും സമീപവാസികളും സുധാകരന്റെ ഹോട്ടലിലെത്തും
ഉച്ചക്ക് 12 മുതൽ രുക്മിണി ചേച്ചിയുടെ പാചക മികവിൽ ഉച്ചഭക്ഷണം. വൈകീട്ട് നാല് വരെ ഭക്ഷണ കഴിക്കാൻ ആളുകൾ ഇവിടെ എത്തുക പതിവ് കാഴ്ചയാണ്. പതിനൊന്നാം വയസ്സിൽ തമിഴ്‌നാട് കുന്നൂരിൽ അച്ചന്റെ അനുജനോടൊപ്പം ഹോട്ടൽ പണിക്കായി പോയാണ് സുധാകരൻ ഈ മേഖലയിലേക്ക് വരുന്നത്.
1980ൽ വിവാഹശേഷം സഹധർമ്മിണി രുക്മിണിയും കടയിൽ സജീവമായി. മൂത്തമകൻ സുരേഷിന്റെ പേരാണ് ഹോട്ടലിന്. മനസ്സും വയറും നിറയുന്ന ഭക്ഷണയിടമായി മാറുകയാണ് അമ്പതാം വർഷത്തിലും സുധകരന്റെ ഹോട്ടൽ. സുരേഷ്, സുനിത, സുചിത എന്നിവർ മക്കളാണ്.