അരിമ്പൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലെ അംഗൻവാടി കലോത്സവ വേദിയിൽ അമ്മമാരോട് വോട്ട് അഭ്യർത്ഥിക്കുന്ന വി.എസ്. സുനിൽകുമാർ.
മണലൂർ: അരിമ്പൂർ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗൻവാടി കുട്ടികളുടെ കലോത്സവത്തിന് കുട്ടികൾക്കൊപ്പമെത്തിയ അമ്മമാരോട് വോട്ട് അഭ്യർത്ഥിച്ച് തൃശൂർ ലോക്‌സഭ ഇടതു സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാർ. സംസ്ഥാനത്തെ മികച്ച അംഗൻവാടി വർക്കറായി തിരഞ്ഞെടുക്കപ്പെട്ട കസ്തുർഭ അംഗൻവാടിയിലെ ദീപ മുകുന്ദൻ, സംസ്ഥാനത്തെ മികച്ച അംഗൻവാടിയായി തിരഞ്ഞെടുക്കപ്പെട്ട അരിമ്പൂരിലെ ക്യപ്ടൻ ലക്ഷ്മി അംഗൻവാടിക്ക് വേണ്ടി വർക്കർ സലിജ സന്തോഷ്, അന്തിക്കാട് ബ്ലോക്ക് ഐ.സി.ഡി.എസ്: സി.ഡി.പി.ഒ രഞ്ജനി എസ്. പിള്ള എന്നിവരെ പൊന്നാട ചാർത്തി ആദരിച്ച ശേഷമാണ് സുനിൽകുമാർ മണലൂർ മണ്ഡലത്തിലെ ഉച്ചയ്ക്ക് ശേഷമുള്ള പര്യടനത്തിന് തുടക്കമിട്ടത്. വെളുത്തൂർ ഹരിതകർമ്മ സേന കൺസോർഷ്യത്തിലെത്തിയ സുനിൽകുമാറിന് സെക്രട്ടറി രാജി മനോജിന്റെ നേതൃത്വത്തിലുള്ള സേനാ അംഗങ്ങൾ ഹൃദ്യമായ സ്വീകരണമാണ് നൽകിയത്. നാലുമണിയോടെ കണ്ടശ്ശാംകടവ് സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെത്തി വികാരി ഫാ. ജോസ് പാലക്കലിന്റെ അനുഗ്രഹം തേടി. വടക്കേ കാരമുക്ക് സെന്റ് ആന്റണീസ് പള്ളിയിൽ എത്തിയ സുനിൽ കുമാറിനെ വികാരി ഫാ. പ്രദീഷ് കല്ലറയ്ക്കൽ നിറപുഞ്ചിരികളോടെയാണ് സ്വീകരിച്ചത്. മണലൂർ സെന്റ് ഇഗിഷ്യേസ് പള്ളിയിലും പടിഞ്ഞാറെ പള്ളിയിലും മണലൂർ സ്‌നേഹാരം സ്‌പെഷ്യൽ സ്‌കൂളിലുമെത്തി അനുഗ്രഹം തേടിയ സുനിൽ കുമാർ സിസ്റ്റർമാരോടും അദ്ധ്യാപകരോടും വോട്ടഭ്യർത്ഥന നടത്തി. വൈകിട്ട് വാടാനപ്പള്ളി സെന്ററിൽ പടുകൂറ്റൻ റോഡ് ഷോയോടെ മണലൂർ മണ്ഡലത്തിലെ സുനിൽകുമാറിന്റെ സന്ദർശനം പൂർത്തിയായി.
മുരളി പെരുനെല്ലി എം.എൽ.എ, ടി.വി. ഹരിദാസൻ, വി.ആർ. മനോജ്, രാഗേഷ് കണിയാംപറമ്പിൽ, കെ.വി. വിനോദൻ, കെ.ആർ. ബാബുരാജ്, കെ.കെ. ശശീധരൻ, സ്മിത അജയകുമാർ, അജി ഫ്രാൻസിസ്, പി.കെ. കൃഷ്ണൻ എന്നിവരും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.