
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ബസ് സ്റ്റാന്റ് കെട്ടിടത്തിന്റെ സീലിംഗ് അടർന്ന് വീണ് യുവാവിന് പരിക്കേറ്റു. ഇന്നലെ ഉച്ചതിരിഞ്ഞ് 2 മണിയോടെയാണ് സംഭവം. ബസ് സ്റ്റാന്റിന്റെ കിഴക്കെ ഭാഗത്തുള്ള പഴയ കെട്ടിടത്തിന്റെ ഗോവണിയുടെ മുകളിലെ സീലിംഗിൽ നിന്നും കോൺക്രീറ്റ് പാളിയാണ് അടർന്ന് വീണത്. ബസ് സ്റ്റാന്റ് പരിസരത്ത് ചെറുനാരങ്ങ കച്ചവടം നടത്തുന്ന ആമ്പല്ലൂർ മടവാനിക്കര സ്വദേശി ജെയ്സൺ എന്ന യുവാവിന്റെ തലയിലാണ് കോൺക്രീറ്റ് പാളി മുപ്പതടിയോളം ഉയരത്തിൽ നിന്നും വീണത്. തലയിൽ പരിക്കേറ്റ ഇയാളെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് സ്റ്റാന്റ് പഴയ കെട്ടിടത്തിന്റെ കാലപ്പഴക്കം മൂലം പലപ്പോഴും ഇത്തരത്തിൽ സംഭവങ്ങൾ ഉണ്ടാകാറുണ്ടെന്ന് പറയുന്നു. കെട്ടിടത്തിന്റെ പലയിടങ്ങളിലും ഇത്തരത്തിൽ സീലിംഗ് അടർന്ന് വീണ് കമ്പികൾ പുറത്തായ അവസ്ഥയിലാണ്. വിഷയത്തിൽ നഗരസഭ നാളിത് വരെയായി നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല എന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.