modi

ബി.ജെ.പിക്ക് വിജയപ്രതീക്ഷയുള്ള മണ്ഡലമാണ് സുരേഷ്‌ഗോപി മത്സരിക്കുന്ന തൃശൂർ. മോദി ഗ്യാരന്റിയുമായി രണ്ട് തവണ തൃശൂരിലെത്തിയ പ്രധാനമന്ത്രി സൃഷ്ടിച്ച ആവേശത്തിലാണ് പ്രവർത്തകർ. വിജയിച്ചാൽ സുരേഷ്‌ഗോപി കേന്ദ്രമന്ത്രിയാകും. 'തൃശൂർ മോഡൽ' വികസനം നടപ്പാക്കും. ലീഡർ കെ. കരുണാകരന്റെ മകൾ പത്മജയുടെ ബി.ജെ.പി പ്രവേശവും അനുകൂലമാകുമെന്നാണ് കണക്കുകൂട്ടൽ. രാഷ്ട്രീയ കലങ്ങിമറിച്ചലുകൾക്കിടയിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ്‌കുമാർ സംസാരിക്കുന്നു.

പ്രധാനവിഷയം ?

വികസനത്തിന് മോദിയെ പിന്തുണയ്ക്കുന്ന ജനപ്രതിനിധി വരണം. റോഡ്, റെയിൽവേ, മെട്രോ, സ്മാർട്ട് സിറ്റി, ഐ.ഐ.ടി തുടങ്ങിയവയ്ക്ക് കേന്ദ്രം നൽകുന്ന വലിയ ഫണ്ട് തൃശൂരിലെത്തിയിട്ടില്ല. ബി.ജെ.പി. എം.പിയുണ്ടായാൽ ഗുജറാത്ത് മോഡൽ പോലെയുള്ള പദ്ധതികളുണ്ടാകും. കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടും. എലിവേറ്റഡ് ഹൈവേ ഉൾപ്പെടെ വികസന വിപ്‌ളവമുണ്ടാകും.

സുരേഷ്‌ഗോപി എന്തു ചെയ്തു?

പകൽവീട്, പ്രാഥമിക ആരോഗ്യ കേന്ദ്രം, കാന, റോഡ് തുടങ്ങിയവയ്ക്ക് രണ്ടരക്കോടി അവിണിശ്ശേരി പഞ്ചായത്തിൽ മാത്രം ചെലവാക്കി. സൻസദ് ആദർശ് ഗ്രാം പദ്ധതിപ്രകാരം ആറ് പഞ്ചായത്ത് ഏറ്റെടുത്തു. ടി.എൻ.പ്രതാപൻ അഞ്ച് കൊല്ലം കൊണ്ട് ഒരു പഞ്ചായത്തേ ഏറ്റെടുത്തുള്ളൂ. പുതുക്കാട്, വടക്കാഞ്ചേരി, കുന്നംകുളം, മണലൂർ എന്നിവിടങ്ങളിൽ റോഡ്, കുടിവെള്ള പദ്ധതികൾ നടപ്പാക്കി. എല്ലാ മണ്ഡലങ്ങൾക്കും പദ്ധതി കൊടുത്തു. ശക്തൻ മാർക്കറ്റിന് മാത്രം ഒരു കോടി നൽകി.

എന്തുകൊണ്ട് വിജയപ്രതീക്ഷ?

കഴിഞ്ഞ തവണ 13 ദിവസമാണ് പ്രചാരണത്തിന് കിട്ടിയത്. ജയിക്കുമെന്ന ട്രെൻഡുമില്ല. പിന്നീട് കൈയിൽ നിന്ന് പണം ചെലവാക്കിയും അദ്ദേഹം സേവനത്തിൽ മുഴുകി. മെഡിക്കൽ കോളേജിൽ കൊവിഡ്കാലത്ത് ഓക്‌സിജൻ നൽകാൻ മാത്രം കൈയിൽ നിന്ന് ഏഴര ലക്ഷം കൊടുത്തു. വിദ്യാർത്ഥികളെയും ആദിവാസികളെയും ഉൾപ്പെടെ സഹായിച്ചു. നാട്ടികയിൽ എ.കെ.ജി കോളനിയിലെ കമ്മ്യൂണിസ്റ്റുകാർക്കാണ് വീട് നൽകിയത്. സുരേഷ്‌ഗോപിയുടെ വ്യക്തിപ്രഭാവവും ഗുണമാകും.

കിരീട വിവാദം?

നേർച്ചയായി ലൂർദ്ദ് മാതാവിന് കിരീടം സമർപ്പിച്ചത് ചോദ്യം ചെയ്യാൻ ആർക്കാണ് അവകാശം. കൊടുക്കുന്നവരും വാങ്ങുന്നവരുമാണ് അത് തീരുമാനിക്കുന്നത്. വിവാദത്തിലൂടെ അധിക്ഷേപിക്കലാണ് ലക്ഷ്യം.

പത്മജയുടെ വരവ് ?

ഏറെ ഗുണം ചെയ്യും. അവർക്ക് അനുകൂലികളുണ്ട്. കോൺഗ്രസിലെ തൊഴുത്തിൽകുത്ത് കൊണ്ടാണ് വന്നത്. ഒരു ഓഫറും നൽകിയിട്ടില്ല. കുറ്റം പറയുന്ന കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും മോദിയെ മനസാ അംഗീകരിക്കുന്നുണ്ട്.