
തൃശൂർ : പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ ചേരുമെന്ന വാർത്തയ്ക്ക് പിന്നാലെ, ലീഡർ കെ. കരുണാകരന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി തിരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കം കുറിച്ച് തൃശൂരിലെ സിറ്റിംഗ് എം.പി ടി.എൻ. പ്രതാപൻ. കോൺഗ്രസ് നേതാക്കൾക്ക് ഒപ്പമെത്തി പുഷ്പാർച്ചന നടത്തി.
ബുധനാഴ്ച് ഉച്ചയോടെ പത്മജ ബി.ജെ.പിയിൽ ചേരുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു.
രാത്രിയോടെ കോൺഗ്രസിന്റെ ഉന്നത നേതാക്കളും ടി.എൻ. പ്രതാപനും രാമനിലയത്തിലെത്തി ചർച്ച നടത്തി. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറങ്ങാനുള്ള അനുമതി ഹൈക്കമാൻഡിൽ നിന്ന് നേടി. തുടർന്നാണ് ഇന്നലെ രാവിലെ കെ. കരുണാകരന്റെ പൂങ്കുന്നത്തെ വസതിയിലെ സ്മൃതി മണ്ഡപത്തിലെത്തിയത്.
ലീഡറുടെ കുടുംബവുമായി ഏറെ ബന്ധമുള്ള നൂറു കണക്കിന് പേർ തൃശൂരിലുണ്ട്. അതുകൊണ്ട് അവരുടെ രാജി പാർട്ടിയെ ബാധിക്കാത്ത വിധത്തിൽ കൈകാര്യം ചെയ്യാനാണ് അടിയന്തരമായി തിരഞ്ഞെടുപ്പ് രംഗത്തിറങ്ങിയത്. തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ നേതാക്കളുടെ യോഗം ചേർന്നിരുന്നു.
ഞാൻ ലീഡറുടെ
ഫാൻ : പ്രതാപൻ
താൻ ഗുരുവായൂരപ്പന്റെ വിശ്വാസിയും ലീഡറുടെ വലിയ ആരാധകനുമാണെന്ന് പ്രതാപൻ വ്യക്തമാക്കി. എല്ലാം താൻ അദ്ദേഹത്തിന്റെ ഓർമയ്ക്ക് മുന്നിൽ സമർപ്പിക്കുന്നു. തൃശൂർ ജില്ലയിലെ ആളുകളെ പൂർണമായും വിശ്വസിക്കുന്നു. എല്ലാം ദൈവത്തിനു സമർപ്പിക്കുന്നതായും പ്രതാപൻ പറഞ്ഞു.