എടമുട്ടം: പാലപ്പെട്ടി ഭഗവതി ക്ഷേത്രത്തിൽ അശ്വതിവേലയ്ക്ക് തുടക്കമായി. പട്ടാമ്പി കളരിക്കൽ പണിക്കന്മാർ കൂത്തമ്പലത്തിന് മുമ്പിലെ അരയാൽ ചുവട്ടിലെത്തി കൊട്ടി വിളംബരം ചെയ്തു. ക്ഷേത്ര മൈതാനത്തെ ആൽമരങ്ങളിലെല്ലാം കൊടിക്കൂറകൾ നാട്ടിയതോടെ എഴു ദിവസം നീണ്ടുനിൽക്കുന്ന അശ്വതി വേലയ്ക്ക് തുടക്കമായി. അശ്വതി വേല വരെ രാത്രി പതിനൊന്നര മുതൽ പുലർച്ചെ 5 വരെ പട്ടാമ്പി കളരിക്കൽ പണിക്കമാരുടെ നേതൃത്വത്തിൽ കൂത്തുമാടത്തിൽ തോൽപ്പാവക്കൂത്ത് നടത്തും.
13ന് അശ്വതി വേല ദിവസം വൈകിട്ട് നടക്കുന്ന എഴുന്നള്ളിപ്പിൽ അഞ്ച് ആനകൾ അണിനിരക്കും. പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യവും മേളവും അകമ്പടിയാവും. ദീപാരാധനയ്ക്കുശേഷം വർണമഴയുമുണ്ടാകും.
14ന് ഭരണിദിവസം പുലർച്ചെ മൂന്നുമണി മുതൽ ആറുമണിവരെ ധീവര സമുദായങ്ങളുടെ നേതൃത്വത്തിൽ താലം വരവും 9 മണി മുതൽ 11.30 വരെ ഏഴ് ദേശങ്ങളിൽ നിന്നായി ഏഴ് ഗജവീരന്മാരുടെ അകമ്പടിയോടെ വെട്ടുവ സമുദായത്തിന്റെ താലങ്ങളും ക്ഷേത്ര സന്നിധിയിലെത്തും. തുടർന്ന് പുലയ സമുദായത്തിന്റെ നേതൃത്വത്തിൽ കാളകളിയും പറയ സമുദായത്തിന്റെ നേതൃത്വത്തിൽ ദാരികനും കാളികളിയും ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്ന് പട്ടാമ്പി കളരിക്കൽ പണിക്കന്മാർ കൂത്തുമാടത്തിൽ നിന്ന് ക്ഷേത്രത്തിലെത്തി രാമശരം സമർപ്പിക്കുന്നതോടെ വേല ആഘോഷങ്ങൾ സമാപിക്കും.