
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൽ നികുതി വെട്ടിപ്പും അപാകതയും കണ്ടെത്തിയെന്നും പ്രഥമദൃഷ്ട്യാ ലഭിച്ച തെളിവുകൾ അഴിമതിക്കെതിരെ കേസെടുക്കാൻ പര്യാപ്തമാണെന്നും ആദായ നികുതി വകുപ്പ് പ്രിൻസിപ്പൽ ചീഫ് കമ്മിഷണർ വാർത്താകുറിപ്പിൽ അറിയിച്ചു. ആദായ നികുതി ഉദ്യോഗസ്ഥൻ ജ്യോതിഷിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസമായിരുന്നു പരിശോധന.
ആസൂത്രണമില്ലാതെ വകുപ്പ് സൃഷ്ടിച്ചാണ് സാമ്പത്തിക കാര്യങ്ങൾ നോക്കിയിരുന്നത്. വിശ്വാസ്യത ഉറപ്പുവരുത്താതെ സൃഷ്ടിച്ച ഇത്തരം വകുപ്പുമൂലം അക്കൗണ്ട് പരിശോധിച്ച് ആദായനികുതി തിട്ടപ്പെടുത്താൻ കഴിയാത്ത സാഹചര്യമാണ്. 2018-19 സാമ്പത്തിക വർഷത്തിനുശേഷം നിയമപരമായ ഒരു ഓഡിറ്റും നടത്തിയിട്ടില്ല. വാർഷിക വരവുചെലവ് കണക്കുകൾ തയ്യാറാക്കിയിട്ടില്ല, ടി.ഡി.എസ് റിട്ടേൺ ഫയൽ ചെയ്തിട്ടില്ല തുടങ്ങിയ ക്രമക്കേടുകൾ കണ്ടെത്തിയെന്നും ആദായ നികുതി വകുപ്പ് പറയുന്നു. ആദായനികുതി നിയമത്തിന്റെ 1961ലെ വിവിധ നിയമ വ്യവസ്ഥകൾ ലംഘിച്ചെന്ന് കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു പരിശോധനയെന്നും അധികൃതർ പറയുന്നു.
ദേവസ്വത്തിന് ആദായ നികുതി പരിധിയിൽ ഒഴിവുണ്ട്
ഗുരുവായൂർ: ആദായ നികുതി നിയമം 10 (23ബിബിഎ) പ്രകാരം ദേവസ്വത്തിന്റെ എല്ലാ വരുമാനങ്ങളും ആദായ നികുതിയുടെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുള്ളതാണെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അറിയിച്ചു. ആദായ നികുതി വകുപ്പിനെ ഒരു രൂപ പോലും ദേവസ്വം കബളിപ്പിച്ചിട്ടില്ല. നിയമസഭ പാസാക്കി രാഷ്ട്രപതി അംഗീകരിച്ച ഗുരുവായൂർ ദേവസ്വം ആക്ട് 1978 പ്രകാരമാണ് ദേവസ്വം പ്രവർത്തിക്കുന്നത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന്റെ സർക്കുലർ നമ്പർ 4/2002 ഡേറ്റ്.16.7.2002, ഭേദഗതി സർക്കുലർ 18/2017 പ്രകാരവും ഗുരുവായൂർ ദേവസ്വം വരുമാനം ആദായ നികുതി പരിധിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതാണ്. സർക്കാരിലേതിന് സമാനമായി ബഡ്ജറ്റ് അധിഷ്ഠിതമായ രീതിയിൽ വിവിധ വകുപ്പുകൾ മുഖേനയാണ് ദേവസ്വത്തിന്റെ അക്കൗണ്ടിംഗ് സംവിധാനം പ്രവർത്തിക്കുന്നത്. ഈ സംവിധാനം പ്രകാരം ദേവസ്വത്തിലെ വിവിധ വകുപ്പ്, ക്ഷേത്രം, ജീവധനം, മരാമത്ത്, പർച്ചേസ്, അഡ്മിനിസ്ട്രേഷൻ, ഫിനാൻസ് മുതലായവ അതാത് ഫയൽ പ്രകാരം കരാറുകാരുടെ ബില്ല് പാസാക്കുകയും നിയമാനുസൃത നികുതികൾ ടി.ഡി.എസായി കുറവ് ചെയ്ത് ഫിനാൻസ് സെക്ഷനിൽ ചെക്ക് പാസാക്കി നൽകുകയും ചെയ്യുന്നു. ടി.ഡി.എസായി ഈടാക്കിയ മുഴുവൻ തുകയും സർക്കാരിലേക്ക് അടവാക്കി ടി.ഡി.എസ് റിട്ടേൺ ഫയൽ ചെയ്തിട്ടുണ്ട്. ദേവസ്വത്തിന്റെ ഭാഗത്തുനിന്ന് ഒരിക്കലും നികുതി വെട്ടിപ്പ് ഉണ്ടായിട്ടില്ല. സുതാര്യമായും സത്യസന്ധമായും പ്രവർത്തിച്ചുവരുന്ന ഗുരുവായൂർ ' ദേവസ്വം ആദായ നികുതി വെട്ടിച്ചെന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പ്രതിഷേധാർഹമാണെന്നും ദേവസ്വം ചെയർമാൻ പ്രസ്താവനയിൽ അറിയിച്ചു.