കൊടുങ്ങല്ലൂർ: സംസ്ഥാന സർക്കാർ പദ്ധതി പ്രകാരം പട്ടികജാതി കുടുംബങ്ങളുടെ സമഗ്ര വിവരശേഖരണം നടത്തുന്നതിന്റെ ഭാഗമായി നഗരസഭാതല കുടുംബ സർവേയ്ക്ക് ആരംഭമായി. നഗരസഭാതല ഉദ്ഘാടനം ജെ.ടി.എസ് വാർഡിൽ ചെന്നറ കൊച്ചമ്മിണിയുടെ വീട്ടിൽ ചെയർപേഴ്‌സൺ ടി.കെ ഗീത നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലത ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷയായി. കെ.ആർ. ജൈത്രൻ, ചന്ദ്രൻ കളരിക്കൽ, ഇന്ദിര പുരഷോത്തമൻ, ജി.സി. അഖിൽ എന്നിവർ പ്രസംഗിച്ചു.
ഓരോ കുടുംബങ്ങളിലും ഉദ്യോഗസ്ഥർ നേരിട്ടെത്തും
ഓരോ പട്ടികജാതി കുടുംബങ്ങളിലും വകുപ്പ്തല ഉദ്യോഗസ്ഥർ നേരിട്ടെത്തി അവരുമായി സംവദിച്ച് വിവര ശേഖരണം നടത്തി ആ വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ രേഖപ്പെടുത്തും. പട്ടികജാതി കുടുംബങ്ങളുടെ വികസന വിടവുകൾ കണ്ടെത്തുകയും അത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുടുംബങ്ങളുടെ ഉന്നമനത്തിനും സുസ്ഥിര വികസനത്തിനും ലക്ഷ്യമിട്ടാണ് ഈ കുടുംബ സർവേ.