പുതുക്കാട്: റെയിൽവേ സ്‌റ്റേഷന്റെ നിയന്ത്രണം നാല് വനിതകളുടെ കൈകളിൽ ഭദ്രം. കഴിഞ്ഞ മാസം റെയിൽവേ സ്‌റ്റേഷൻ സൂപ്രണ്ടായിരുന്ന കെ.എസ്. ജയകുമാർ വിരമിച്ചതിന് പകരമെത്തിയ സ്‌റ്റേഷൻ മാസ്റ്റർ വനിതയായതോടെ പുതുക്കാട് റെയിൽവേ സ്‌റ്റേഷനിലെ നാല് സ്‌റ്റേഷൻ മാസ്റ്റർമാരും വനിതകളെന്ന അപൂർവത.
പുതുക്കാട് റെയിൽവേ സ്‌റ്റേഷന് ആദ്യമായാണ് വനിതാ സ്‌റ്റേഷൻ സൂപ്രണ്ട് വരുന്നത്. നിലവിൽ സ്‌റ്റേഷന്റെ ചുമതല നിർവഹിക്കുന്നത് സ്‌റ്റേഷൻ സൂപ്രണ്ട് കെ.കെ. അനന്തലക്ഷ്മിയാണ്. മുൻപ് സ്‌റ്റേഷൻ മാസ്റ്ററായി ഒരു വനിത ജോലി ചെയ്തിട്ടുണ്ടെങ്കിലും നാലുപേരും വനിതകളാകുന്നത് ഇതാദ്യം.
സ്‌റ്റേഷൻ സൂപ്രണ്ടിന് പുറമെ സ്‌റ്റെഫി പൈലി, കെ.ഒ. ജിൻസി, എം.പി. അമ്പിളി എന്നിവരാണ് സ്‌റ്റേഷനിൽ സേവനം അനുഷ്ഠിക്കുന്ന മറ്റ് വനിതകൾ. ലോക വനിതാ ദിനം ആഘോഷമായി കൊണ്ടാടുന്ന സാഹചര്യത്തിൽ തങ്ങളുടെ സ്‌റ്റേഷൻ ചുമതല നിർവഹിക്കുന്ന നാലുപേരും വനിതകളായത് അഭിമാനമാണെന്ന് യാത്രക്കാർ പറയുന്നു.
പുതുക്കാട് റെയിൽവേ സ്‌റ്റേഷനെ സ്ത്രീ സൗഹൃദ സ്‌റ്റേഷനായി മാറ്റാനായി
യാത്രക്കാർക്ക് കൃത്യമായ സേവനം നൽകുകയാണ് ലക്ഷ്യം.- അനന്തലക്ഷ്മി, സ്‌റ്റേഷൻ സൂപ്രണ്ട്