കൊടുങ്ങല്ലൂർ : ശ്രീനാരായണപുരം പഞ്ചായത്തിലെ ആല-പനങ്ങാട് വില്ലേജ് ഓഫീസ് ഇനി സ്മാർട്ടാകും. നിലവിലെ വില്ലേജ് ഓഫീസ് സ്മാർട്ടാക്കാനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൊന്നാംപടിക്കൽ ഇബ്രാഹിം ഹാജിയുടെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ കുടുംബം വിട്ടു നൽകിയ ഭൂമിയിൽ ആരംഭിച്ചു. പുതുതായി നിർമ്മിക്കുന്ന സ്മാർട്ട് വില്ലേജ് ഓഫീസിന്റെ കല്ലിടൽ കർമ്മം ഉദ്ഘാടനം ഇ.ടി. ടൈസൺ എം.എൽ.എ നിർവഹിച്ചു. ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ അദ്ധ്യക്ഷനായി. സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണത്തിന് സ്ഥലം വിട്ടു നൽകിയ പൊന്നാംപടിക്കൽ അബ്ദുൾ സലാമിനെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിത പ്രതീപ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. അയൂബ്, ഡെപ്യൂട്ടി കളക്ടർ വിഭൂഷണൻ, തഹസിൽദാർ എം. അനിൽകുമാർ, എ.പി. ജയരാജൻ, സി.എൻ. സതീഷ് കുമാർ, ഹൈദ്രോസ്, സൈനുദ്ദീൻ, സന്തോഷ് മംഗലത്ത്, സതിദേവി, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. നൗഷാദ്, ആല-പനങ്ങാട് വില്ലേജ് ഓഫീസർ അബ്ദുൾ ഖാദർ തുടങ്ങിയവർ പങ്കെടുത്തു.
നിർമ്മാണം 44 ലക്ഷം രൂപ ചെലവിൽ
സംസ്ഥാന റവന്യൂ വകുപ്പ് അനുവദിച്ച 44 ലക്ഷം രൂപ ചെലവിലാണ് നിർമ്മാണം. തൃശൂർ നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണച്ചുമതല. ഭിന്നശേഷിക്കാർക്കായി പ്രത്യേക ബാത്ത് റൂം, റാമ്പ് സൗകര്യം എന്നിവയുണ്ടാകും.
ഹൈടെക് സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തിയാക്കുന്ന വില്ലേജ് ഓഫീസ് ഭിന്നശേഷി സൗഹൃദ സ്മാർട്ട് വില്ലേജ് ഓഫീസ് കൂടി ആയിരിക്കും.
-ഇ.ടി. ടൈസൺ എം.എൽ.എ.