
തൃപ്രയാർ : അണികൾക്ക് ആവേശമായി തൃപ്രയാറിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.സുനിൽകുമാറിന്റെ റോഡ് ഷോ. ആടിയും പാടിയും ആർപ്പ് വിളിച്ചും മുദ്രാവാക്യം മുഴക്കിയും താളമേളങ്ങളോടെ ആരംഭിച്ച റോഡ് ഷോ തൃപ്രയാർ ക്ഷേത്ര നഗരിയെ ചെങ്കടലാക്കി. കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ളവർ സ്ഥാനാർത്ഥിക്ക് കൈ കൊടുക്കാൻ മത്സരിച്ചു. വൻ ജനാവലിയാണ് സ്ഥാനാർത്ഥിക്കൊപ്പം അണിനിരന്നത്. റോഡിനിരുവശവും തടിച്ചുകൂടിയ നൂറുകണക്കിന് ആളുകളെ വി.എസ്.സുനിൽകുമാർ അഭിവാദ്യം ചെയ്തു. വൈകീട്ട് ആറോടെയാണ് തൃപ്രയാർ ക്ഷേത്രം പടിഞ്ഞാറെ നടയിൽ നിന്ന് തുറന്ന വാഹനത്തിൽ റോഡ് ഷോ ആരംഭിച്ചത്.
തൃപ്രയാർ സെന്ററിലൂടെ നീങ്ങിയ റോഡ് ഷോ തൃപ്രയാർ ജംഗ്ഷൻ വഴി ബസ് സ്റ്റാൻഡിന് വടക്ക് ഭാഗത്ത് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുൻവശം സമാപിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.ആർ.വർഗീസ്, സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി.ആർ.രമേഷ് കുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പൊതുയോഗത്തിൽ വി.എസ്.സുനിൽകുമാർ സംസാരിച്ചു. കെ.എം.ജയദേവൻ, എ.എസ്.ദിനകരൻ, കെ.പി.സന്ദീപ്, ഷീല വിജയകുമാർ, കെ.ആർ.സീത, വി.ആർ.ബാബു, സെബി ജോസഫ്, കെ.എസ്.മോഹൻ ദാസ്, സി.ആർ.മുരളീധരൻ തുടങ്ങിയവർ നേതൃത്വം നൽകി.