
ഇരിങ്ങാലക്കുട : എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും സന്ദർശനം നടത്തി. സമൂഹത്തിലെ നാനാ തുറകളിലുള്ള ജനവിഭാഗങ്ങളിൽ നിന്നും സുരേഷ്‌ഗോപി സ്വീകരണം ഏറ്റുവാങ്ങി. വൈകീട്ട് നൂറുക്കണക്കിന് പേർ പങ്കെടുത്ത റോഡ് ഷോയും നടന്നു. കൂടൽമാണിക്യം ക്ഷേത്രം, ഇരിങ്ങാലക്കുട കത്തീഡ്രൽ, കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ സുരേഷ് ഗോപി ഇരിങ്ങാലക്കുട എസ്.എൻ.ഡി.പി മന്ദിരത്തിലും എൻ.എസ്.എസ് മുകുന്ദപുരം താലൂക്ക് ആസ്ഥാനത്തും യോഗക്ഷേമസഭ , ബ്രാഹ്മണ സഭ ആസ്ഥാനങ്ങളിലും സന്ദർശനം നടത്തി. വികസനത്തിനായി നരേന്ദ്രമോദിയുടെ ഗ്യാരന്റി എല്ലാ ജനവിഭാഗങ്ങൾക്കും ലഭ്യമാക്കുന്നതാണ് തന്റെ സ്ഥാനാർത്ഥിത്വമെന്ന് അദ്ദേഹം പറഞ്ഞു. വെള്ളാനി കോളനിയിലും വിവിധ സ്ഥാപനങ്ങളിലും സന്ദർശനം നടത്തി. ബി.ജെ.പി മദ്ധ്യമേഖല പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മാസ്റ്റർ, സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം, കെ.ആർ.ഹരി, ലോചനൻ അമ്പാട്ട്, കൃപേഷ് ചെമ്മണ്ട, കവിത ബിജു, സണ്ണി കവലക്കാട്ട്, രഘുനാഥ് സി.മേനോൻ എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.