എരുമപ്പെട്ടി: കായിക കേരളത്തിന് ഒട്ടേറെ സംഭാവന നൽകിയ എരുമപ്പെട്ടി സ്‌കൂൾ ഗ്രൗണ്ട് 400 മീറ്റർ മത്സരങ്ങൾക്ക് സജ്ജമാക്കാനുള്ള പരിശ്രമങ്ങൾക്കിടെ, സ്‌കൂളിന്റെ പടിയിറങ്ങുകയാണ് നിരവധി കായിക താരങ്ങൾക്ക് ആശയും ആവേശവും പകർന്ന ഹനീഫ മാഷ്. 1997ൽ സർവീസിൽ പ്രവേശിച്ച അദ്ദേഹം 2024 വരെയുള്ള കാലഘട്ടത്തിൽ വളർത്തിയെടുത്ത ദേശീയ അന്തർദ്ദേശീയ കായിക താരങ്ങൾക്ക് കൈയും കണക്കുമില്ല. കായികാദ്ധ്യാപന ജീവിതം താരങ്ങളെ സൃഷ്ടിക്കാനുളള സമർപ്പണമാക്കുകയായിരുന്നു അദ്ദേഹം. അതുകൊണ്ട് 27 വർഷത്തെ സേവനത്തിന് ശേഷം എരുമപ്പെട്ടി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് കായികാദ്ധ്യാപകൻ മുഹമ്മദ് ഹനീഫ വിരമിക്കുമ്പോൾ ശിഷ്യർ അതൊരു ആഘോഷമാക്കുകയാണ്. അദ്ദേഹത്തിന്റെ പരിശീലന കാലയളവിൽ താരങ്ങളായി മാറിയവരും അല്ലാത്തവരുമായ കായിക വിദ്യാർത്ഥികൾ ഒത്തു ചേരും.
'കായിക ജ്വാല' തീർക്കാൻ താരങ്ങൾ
ഇന്ന് രാവിലെ 10ന് സ്‌കൂളിൽ അവർ ഒരുക്കുന്ന 'കായിക ജ്വാല' ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ.സാംബശിവൻ ഉദ്ഘാടനം ചെയ്യും. ഹനീഫ മാസ്റ്ററുടെ കീഴിൽ പരിശീലനം നേടിയ നിരവധി പേർ സ്‌കൂളുകളിലും കോളേജിലും ഉൾപ്പെടെ ജോലി ചെയ്യുന്നുണ്ട്. 27 വർഷത്തെ കായിക വിദ്യാർത്ഥികളും അദ്ദേഹത്തിന് സ്‌നേഹാദരം നൽകും. രാവിലെ 10ന് സ്‌കൂൾ ഗ്രൗണ്ട് പരിസരത്ത് നിന്ന് വാദ്യമേളത്തിന്റെ അകമ്പടിയോടെ ഹനീഫ മാസ്റ്ററെ സ്‌കൂളിലേക്ക് ആനയിക്കും. ചടങ്ങിൽ ജനപ്രതിനിധികളും കായിക മേഖലയിലെ പ്രമുഖരും പങ്കെടുക്കും. ഈ കാലഘട്ടത്തിൽ വിരമിച്ച മറ്റ് കായിക അദ്ധ്യാപകരെയും ആദരിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എരുമപ്പെട്ടി ജി.എച്ച്.എസ്.എസിലാണ് കൂടുതൽ വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതാറുള്ളത്. ഈ വർഷം 589 പേരാണ് എഴുതുന്നത്. പി.കെ.ഷിജു, എ.സി.കൃഷ്ണൻ, ടി.വി.ബിജി, കെ.എ.അബൂബക്കർ, എം.വി.സന്തോഷ്, ടി.വി.ബിനിൽ, വി.ആർ.രാഹുൽ രാജ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.