
തൃശൂർ: ലീഡർ കെ.കരുണാകരന്റെ മകൾ പത്മജ ബി.ജെ.പിയിൽ ചേർന്നതോടെ വികസന വിഷയങ്ങൾക്കൊപ്പം പത്മജയുടെ മാറ്റവും തൃശൂർ അടക്കമുള്ള മണ്ഡലങ്ങളിൽ സജീവ ചർച്ചയാകും. അധികാരത്തിന് കോൺഗ്രസ് എന്തും ചെയ്യുമെന്നും ബി.ജെ.പിക്കെതിരെ യഥാർത്ഥ ബദൽ ഇടതുമുന്നണിയാണെന്നും എൽ.ഡി.എഫ് നേതാക്കൾ പറയുന്നു. ആന്റണിയുടെ മകൻ അനിൽ ആന്റണിയും കരുണാകരന്റെ മകൾ പത്മജയും ബി.ജെ.പിയിലെത്തിയത് തെളിവാണ്. കോൺഗ്രസിൽ സജീവമായിരുന്ന ഗ്രൂപ്പ് മാറ്റം നിലവിൽ പാർട്ടിമാറ്റത്തിലാണ് കലാശിച്ചത്. വർഗ്ഗീയകക്ഷികളോട് മൃദുസമീപനമാണ് കോൺഗ്രസിനുള്ളതെന്നും കോൺഗ്രസിന്റെ വർഗ്ഗീയവിരുദ്ധ നിലപാട് പൊള്ളയാണെന്നും ഇടതുമുന്നണി ആരോപിക്കുന്നു.
പ്രതിരോധത്തിലായ കോൺഗ്രസിനെ രക്ഷിക്കാനുള്ള പഴുതെന്ന നിലയിലാണ് സഹോദരൻ കെ.മുരളീധരനെ തന്നെ തൃശൂരിൽ രംഗത്ത് ഇറക്കുന്നത്. കരുണാകരന്റെ മകനെന്ന നിലയിലുള്ള അംഗീകാരവും മുരളിക്ക് തുണയാകുമെന്നാണ് കരുതുന്നത്. സിറ്റിംഗ് എം.പി ടി.എൻ.പ്രതാപൻ ലോക്‌സഭയിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും പാർട്ടി നിർബന്ധത്തിന് വഴങ്ങുകയായിരുന്നു.
സജീവമായി ബി.ജെ.പി ക്യാമ്പ്
പത്മജയുടെ വരവോടെ ബി.ജെ.പി ക്യാമ്പ് കുറച്ചുകൂടി സജീവമായി. കോൺഗ്രസിനെ പ്രഹരിക്കാനും ഗ്രൂപ്പിസത്തെ മുതലെടുക്കാനും അവർ പത്മജയെ പ്രയോജനപ്പെടുത്തും. കോൺഗ്രസ് നശിക്കുകയാണെന്നും കൂടുതൽ കോൺഗ്രസുകാർ ബി.ജെ.പിയിലെത്തുമെന്നും അവർ അവകാശപ്പെടുന്നു. അവർക്കിടയിലെ തൊഴുത്തിൽക്കുത്താണ് പ്രശ്‌നമെന്നും അവർ പറയുന്നു. ധാരാളം അനുകൂലികളുള്ള പത്മജയുടെ വരവ് സ്ത്രീകളെയും സ്വാധീനിക്കുമെന്നും തങ്ങൾക്ക് നേട്ടമാകുമെന്നും അവർ വിലയിരുത്തുന്നു.
ഇന്നത്തെ കോൺഗ്രസ് നാളത്തെ ബി.ജെ.പിയെന്ന് പറയുന്നത് ഒരിക്കൽക്കൂടി ശരിയായി. പത്മജയുടെ മാറ്റം ഇടതുമുന്നണിക്ക് ഗുണമാകും. അധികാരത്തിന്റെയും സമ്പത്തിന്റെയും പിന്നാലെയാണ് കോൺഗ്രസ്.
കെ.കെ.വത്സരാജ്
ജില്ലാ സെക്രട്ടറി, സി.പി.ഐ
ധാരാളം അനുകൂലികളുള്ള പത്മജയുടെ വരവ് ബി.ജെ.പിക്ക് ഗുണമാകും. കോൺഗ്രസിലെ പാരവയ്പ്പിൽ മനം നൊന്താണ് അവർ കോൺഗ്രസ് വിട്ടത്.
കെ.കെ.അനീഷ്‌കുമാർ
ജില്ലാ പ്രസിഡന്റ്, ബി.ജെ.പി.
കെ.മുരളീധരന്റെ റോഡ് ഷോ ഇന്ന്
തൃശൂർ: തൃശൂർ ലോക്സഭാമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ ഇന്ന് രാവിലെ 10 ന് തൃശൂരിലെത്തും. തൃശൂർ റെയിൽവേ സ്റ്റേഷനിൽ ആയിരക്കണക്കിന് യു.ഡി.എഫ് പ്രവർത്തകർ മുരളീധരനെ വരവേൽക്കും. തുടർന്ന്, മുരളീധരൻ നേതൃത്വം കൊടുക്കുന്ന റോഡ് ഷോ തൃശൂർ റൗണ്ടിൽ പ്രവേശിക്കും. റോഡ് ഷോയ്ക്ക് ശേഷം മുരളീ മന്ദിരത്തിലെത്തി കെ.കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അറിയിച്ചു.
മുരളീധരനായി ചുവരെഴുത്ത് സജീവം
തൃശൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി.എൻ.പ്രതാപനും ജോസ് വള്ളൂരും ചുവരെഴുത്ത് നടത്തി. പ്രതാപനായി എഴുതിയ ചുമരുകൾ മായ്ച്ച് ശനിയാഴ്ച വൈകിട്ട് എല്ലാ സ്ഥലങ്ങളിലും മുരളീധരനായുള്ള ചുവരെഴുത്തുകൾ പൂർത്തിയാക്കും. പ്രതാപനായി 1200 ചുമരുകളും ആയിരക്കണക്കിന് ഫ്ളക്സ് ബോർഡുകളും സ്ഥാപിച്ചിരുന്നു.