
തൃശൂർ: മാസങ്ങൾക്ക് മുൻപേ മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികൾ ആരെന്നത് ഏതാണ്ട് ഉറപ്പിച്ച മണ്ഡലമായ തൃശൂരിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുൻപ് വമ്പൻ ട്വിസ്റ്റ്. സിറ്റിംഗ് എം.പി. ടി.എൻ.പ്രതാപനായി ചുവരെഴുത്തും പോസ്റ്റർ പതിക്കലുമെല്ലാം തുടരുമ്പോഴാണ്, വടകരയിൽ നിന്ന് കെ.മുരളീധരനെത്തുമെന്ന് അറിയുന്നത്. ഇതോടെ മൂന്ന് മുന്നണികളും പ്രചാരണതന്ത്രം മാറ്റിപ്പണിയാൻ ഒരുങ്ങുകയാണ്. പത്മജ വേണുഗോപാലിന്റെ ബി.ജെ.പി.യിലേക്കുള്ള കൂടുമാറ്റമാണ് വഴിത്തിരിവുണ്ടാക്കിയത്.
പത്മജയുടെ പാർട്ടിമാറ്റം എങ്ങനെ അനുകൂലമാക്കാമെന്നാണ് എൻ.ഡി.എയും എൽ.ഡി.എഫും ചിന്തിക്കുന്നത്. പത്മജയ്ക്ക് സ്വാധീനമുളള കേന്ദ്രങ്ങളിലാണ് എൻ.ഡി.എയുടെ കണ്ണ്. എന്നാൽ, ടി.എൻ.പ്രതാപൻ മാറുന്നതോടെ, തീരമേഖലയിലെ വോട്ടുകൾ അനുകൂലമാകുമെന്നാണ് ഇടതുമുന്നണി കരുതുന്നത്. അതേസമയം, സംസ്ഥാനതലത്തിൽ കെ.മുരളീധരനുള്ള പ്രതിച്ഛായ ഗുണകരമാകുമെന്ന് കോൺഗ്രസ് കരുതുന്നു. പത്മജയോടുള്ള എതിർപ്പ് നേതാക്കളിലും കോൺഗ്രസ് പ്രവർത്തകരിലും ഒത്തൊരുമയും വാശിയും ഉണ്ടാക്കിയിട്ടുണ്ടെന്നും യു.ഡി.എഫ് വിലയിരുത്തുന്നു. എന്നാൽ, പത്മജ ബി.ജെ.പിയിൽ ചേർന്നതിന്റെ നടുക്കവും അങ്കലാപ്പും പൂർണ്ണമായും വിട്ടുമാറിയിട്ടുമില്ല. അതേസമയം, പ്രതാപന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാനാണ് ധാരണയെന്നാണ് വിവരം. കഴിഞ്ഞതവണയും തൃശൂരിലെ തിരഞ്ഞെടുപ്പിൽ ട്വിസ്റ്റുണ്ടായിരുന്നു. സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വത്തിന്റെ കാര്യത്തിലും അവസാനനിമിഷമാണ് തീരുമാനമായത്.
വൻ സ്വീകരണമൊരുക്കാൻ യു.ഡി.എഫ്
ഇന്ന് രാവിലെ 10.30ന് തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന കെ.മുരളീധരൻ എം.പിക്ക് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൻ സ്വീകരണം നൽകുമെന്ന് സ്ഥാനാർത്ഥി പ്രഖ്യാപനം വരും മുൻപേ ജില്ലാ ചെയർമാൻ എം.പി.വിൻസെന്റ്, ജില്ലാ കൺവീനർ കെ.ആർ.ഗിരിജൻ എന്നിവർ അറിയിച്ചിരുന്നു.
മുരളീമന്ദിരം വീണ്ടും ശ്രദ്ധാകേന്ദ്രം
ഒരു കാലത്ത് കേരള രാഷ്ട്രീയത്തിന്റെ ചരടുവലികൾക്ക് സാക്ഷ്യം വഹിച്ച പൂങ്കുന്നത്തെ മുരളീമന്ദിരം വീണ്ടും ശ്രദ്ധാകേന്ദ്രമാവുകയാണ്. കെ.കരുണാകരന്റെ രാഷ്ട്രീയനീക്കങ്ങളേറെയും അദ്ദേഹത്തിന്റെ വസതിയായിരുന്ന മുരളീമന്ദിരത്തിലും പിന്നീട് രാമനിലയത്തിലുമായിരുന്നു. ലീഡറുടെ സ്മൃതി കുടീരമുള്ളതിനാൽ കോൺഗ്രസുകാരുടെ വൈകാരിക ഇടവുമാണത്. മുരളീമന്ദിരത്തിൽ ഇന്ന് കെ.മുരളീധരൻ എത്തും. വരും ദിവസങ്ങളിൽ മുരളീമന്ദിരത്തിൽ ആരൊക്കെയെത്തുമെന്ന ചോദ്യവും ഉയരുന്നുണ്ട്. അതുകൊണ്ട് മുരളീമന്ദിരത്തെ ചുറ്റിപ്പറ്റി തിരഞ്ഞെടുപ്പ് പ്രചാരണവും കൊടുമ്പിരി കൊള്ളും.
തൃശൂരിൽ ഓപ്പറേഷൻ താമര വിജയിക്കില്ല. പാർട്ടി എനിക്ക് ജീവാത്മാവും പരമാത്മാവും.
ടി.എൻ.പ്രതാപൻ എം.പി.