
തൃശൂർ: മതിലകം കളരിപ്പറമ്പ് വായനശാല ഏർപ്പെടുത്തിയ പ്രൊഫ.എം.എൻ.വിജയൻ പുരസ്‌കാരം കവി പി.എൻ.ഗോപീകൃഷ്ണന്. കെ.സച്ചിദാനന്ദൻ ചെയർമാനും ആലങ്കോട് ലീലാകൃഷ്ണൻ, രേണു രാമനാഥൻ, സോമൻ താമരക്കുളം തുടങ്ങിയവർ അംഗങ്ങളുമായ ജൂറിയാണ് തെരഞ്ഞെടുത്തത്. 50,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് ഏപ്രിൽ ആദ്യവാരം നൽകും.
മടിയരുടെ മാനിഫെസ്റ്റോ, ദൈവത്തെ മാറ്റിയെഴുതുമ്പോൾ, ഇടിക്കാലൂരി പനമ്പട്ടടി, അതിരപ്പിള്ളിക്കാട്ടിൽ, കവിത മാംസ ഭോജിയാണ് എന്നീ കവിതാസമാഹരങ്ങളിലൂടെ പ്രതിഭ തെളിയിച്ച ഗോപീകൃഷ്ണൻ, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ, ഒരു വ്യവസ്ഥയും ആത്മഹത്യ ചെയ്യുന്നില്ല, നാഥുറാം ഗോഡ്‌സേയും ഹിന്ദുത്വത്തിന്റെ സത്യാനന്തര പരീക്ഷകളും എന്നീ ഗ്രന്ഥങ്ങളിലൂടെ സമകാലീന ഇന്ത്യൻ രാഷ്ട്രീയ സാംസ്‌കാരികാവസ്ഥകളെ വിശകലനത്തിന് വിധേയമാക്കിയിട്ടുണ്ടെന്ന് ജൂറി വിലയിരുത്തി.