ഇരിങ്ങാലക്കുട : സ്ത്രീപക്ഷ സിനിമകളുമായി അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ആദ്യദിനം. ഡിവോഴ്‌സിലൂടെ കടന്നുപോകുന്ന വ്യത്യസ്ത സാഹചര്യത്തിലുള്ള ആറ് സ്ത്രീകളുടെ ജീവിതവും അനുഭവങ്ങളും പറയുന്ന ഐ.ജി. മിനിയുടെ ' ഡിവോഴ്‌സ്, വ്യത്യസ്ത സാഹചര്യങ്ങളിൽ കഴിയുന്ന ആറ് സ്ത്രീകളിലൂടെ പെണ്ണുടലിന്റെ രാഷ്ട്രീയം പറയുന്ന ശ്രുതി ശരണ്യം സംവിധാനം ചെയ്ത 'ആ 32 മുതൽ 44 വരെ' എന്നീ ചിത്രങ്ങളാണ് വനിതാദിനത്തോടനുബന്ധിച്ച് മാസ് മൂവീസിൽ പ്രദർശിപ്പിച്ചത്. പ്രദർശനാനന്തരം ഡിവോഴ്‌സിന്റെ സംവിധായിക ഐ.ജി. മിനിയെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലനും ചടങ്ങിൽ പങ്കെടുത്തു. ആ 32 മുതൽ 44 വരെ എന്ന ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ രമ്യ സർവദ ദാസ്, ചിത്രത്തിലെ അഭിനേതാക്കളായ രജിത് കുമാർ, സനാജികുമാർ എന്നിവരെ നഗരസഭാ ചെയർപേഴ്‌സൺ സുജ സഞ്ജീവ് കുമാർ ആദരിച്ചു. ചലച്ചിത്ര മേളയുടെ രണ്ടാം ദിനത്തിൽ രാവിലെ 10ന് നളിനകാന്തി, 12ന് അദ്യശ്യജാലകങ്ങൾ, വൈകിട്ട് 6 ന് ഓർമ്മ ഹാളിൽ ഹിന്ദി ചിത്രമായ ' ത്രീ ഓഫ് അസ്' എന്നിവ പ്രദർശിപ്പിക്കും. ചലച്ചിത്ര മേളയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് മാസ് മൂവീസിൽ നടക്കുന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്‌സൺ സുജ സഞ്ജീവ് കുമാർ നിർവഹിക്കും.