ചാലക്കുടി: ശാസ്ത്രസാങ്കേതിക വളർച്ചയിൽ ലോകത്ത് അനുദിനം കുതിച്ചുചാട്ടം നടക്കുമ്പോൾ നമ്മുടെ കൊച്ചുകേരളവും അതിൽ നൽകുന്ന സംഭാവനകൾ ചെറുതല്ലെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. ചാലക്കുടി റീജിയണൽ സയൻസ് സെന്ററിലെ പുതിയ ഗാലറിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കകുയായിരുന്നു മന്ത്രി. ചാന്ദ്രയാൻ ദൗത്യത്തിൽ അണിയറ പ്രവർത്തനങ്ങളിലെ ശാസ്ത്രജ്ഞരിൽ തൊണ്ണൂറ് ശതമാനവും കേരളത്തിലുള്ളവരായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. ശാസ്ത്രം കൈവരിച്ച നേട്ടങ്ങളെ പുറകോട്ട് വലിക്കുന്ന പ്രവണതകൾ രാജ്യത്ത് വളർന്നു വരുന്നത് യുവാക്കൾ ഗൗരവത്തോടെ വീക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു. ശാസ്ത്രജ്ഞരെ ആദരിക്കലും യുവ വനിതാ ഗവേഷക സംഗമം ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. കെ.എസ്.എസ്.ടി.എം ഡയറക്ടർ ഇൻ ചാർജ് എസ്.എസ്.സോജു അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഷംനാദ്, മുൻ എം.എൽ.എ ബി.ഡി. ദേവസി, കെ.എസ്.എസ്.പി സെക്രട്ടറി ടി.വി. രാജു, സയന്റിഫിക് ഓഫീസർ മനു ശങ്കർ തുടങ്ങിയവർ പ്രസംഗിച്ചു.
സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയത്തിന് കീഴിലെ ചാലക്കുടി മേഖലാ ശാസ്ത്ര കേന്ദ്രത്തിലാണ് ഗവേഷകർക്കായി പുതിയ ഗാലറി ഒരുങ്ങിയത്. വിത്തുകൾ മനുഷ്യജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം വിശദമായി പ്രദർശിപ്പിക്കുന്ന 3500 ചതുരശ്ര അടി വലിപ്പമുള്ള ടൂറിംഗ് പ്രദർശനും നടന്നു.
വിത്തുകളുടെ ചരിത്രം ഗാലറിയിൽ
വിത്തുകളുടെ സംസ്‌കരണം,പരിപാലനം, കൈമാറ്റം, ചരിത്രം എന്നിവ ശാസ്ത്രീയമായി ഗാലറിയിൽ അവതിപ്പിക്കുന്നതാണ് പ്രദർശനം. ഇവയുടെ അധനിവേശം സംബന്ധിച്ച മാതൃകകളും ചിത്രങ്ങളും പ്രദർശനത്തിൽ ഒരുക്കിയുണ്ട്. ബംഗ്ലരു ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസാണ് സംഘാടകർ. ഏഷ്യയിലേക്ക് ചേക്കേറിയവയെ പരിചയപ്പെടുത്തലും ഏഷ്യയിൽ നിന്നും മറ്റു ഭൂഖണ്ഡങ്ങളിലേയ്ക്ക് പോയവയുടെ ചരിത്രം അനാവരണം ചെയ്യലുമാണ് ലക്ഷ്യം. സസ്യ ശാസ്ത്ര വിദ്യാർത്ഥികൾക്ക് മാത്രമല്ല, ചരിത്ര വിദ്യാർത്ഥികൾക്കും ഇതു പ്രയോജനപ്പെടും. പ്രദർശനം ടിക്കറ്റ് മുഖേനയാണ്. പോപ്പുലർ സയൻസ് ഗാലറി, മാത്സ് ഗാലറി, ഇന്നോവേറ്റീവ് ഹബ്ബ്, ത്രി ഡി തിയ്യറ്റർ എന്നിവയാണ് പോട്ടയിലെ സയൻസ് സെന്ററിൽ സ്ഥിരമായി പ്രവർത്തിക്കുന്നത്. കോട്ടയം, എറണാകുളം, തൃശൂർ , പാലക്കാട് ജില്ലകളിലെ ശാസ്ത്ര വിദ്യാർത്ഥികൾക്കായാണ് ഇതിന്റെ സ്ഥാപനം.