ചേർപ്പ് : ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായി പിഷാരിക്കൽ ഭഗവതിയും ഊരകത്തമ്മത്തിരുവടിയും ആറാട്ടുകളും മനയിലിറക്കി പൂജകളും നടത്തുന്ന ദിവസങ്ങളിൽ ഗേറ്റുകൾ തുറന്നു നൽകാൻ ധാരണ. ഇതോടെ പെരുവനം -ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് നിലനിന്ന കടലാശ്ശേരി ആറാട്ടുകടവിലെ ആറാട്ട് സംബന്ധിച്ച പ്രശ്‌നത്തിന് പരിഹാരമായി. സ്ഥലമുടമകൾക്കും കൊച്ചിൻ ദേവസ്വം ബോർഡിനും ഇതു സംബന്ധിച്ച് നിർദ്ദേശം നൽകാനും പിഷാരിക്കൽ ക്ഷേത്രത്തെ രേഖാമൂലം അറിയിക്കാനുമാണ് തൃശൂർ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് മുരളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായത്.
പിഷാരിക്കൽ ക്ഷേത്രം തന്ത്രി ആര്യൻ നമ്പൂതിരി, സേവാസമിതി പ്രസിഡന്റ് കെ. ശിവദാസ്, രക്ഷാധികാരി സി. മുരാരി, കടലായിൽ ആറാട്ടുകടവ് സംരക്ഷണ സമിതി പ്രസിഡന്റ് അയിച്ചിയിൽ രാധാകൃഷ്ണൻ, കടലായിൽ മന സതീശൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി, ഭൂമി വാങ്ങിയ വ്യക്തികളുടെ കുടുംബാംഗങ്ങൾ, കൊച്ചിൻ ദേവസ്വം ബോർഡ് സ്‌പെഷ്യൽ കമ്മിഷണർ അനിൽകുമാർ, സുനിൽ കർത്ത, ആറാട്ടുപുഴ ഉപദേശക സമിതി പ്രസിഡന്റ് സുധാകരൻ, വല്ലച്ചിറ പഞ്ചായത്ത് പ്രസിഡന്റ് മനോജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ആറാട്ടുകടവിലേക്കുള്ള വഴി ബന്ധപ്പെട്ട കക്ഷികൾ നൽകാൻ തയ്യാറാണെങ്കിൽ വാങ്ങാൻ തയ്യാറാണ്.
- അനിൽകുമാർ
സ്‌പെഷ്യൽ കമ്മിഷണർ
(കൊച്ചിൻ ദേവസ്വം ബോർഡ്)