ആമ്പല്ലൂർ: അളഗപ്പനഗർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒ.പി. കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച് ശിലാഫലകം അനാച്ഛാദനം ചെയ്തു.
ആർദ്രം മിഷനിലൂടെ സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റമാണ് ഇക്കാലയളവിൽ ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസൺ തയ്യാലക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കെ. രാജശ്രീ, ഡോ.പി.സജീവ് കുമാർ, ടി.പി. ശ്രീദേവി,കെ.എം. ചന്ദ്രൻ, ടെസി വിൽസൺ, പി.ബി. സുഭാഷ്, തുടങ്ങിയവർ പങ്കെടുത്തു.
രോഗി സൗഹൃദമായി ഒ പി ബ്ലോക്ക്
രണ്ടു നിലകളിലായി ആധുനിക സൗകര്യങ്ങളോടെ രോഗി സൗഹൃദമായാണ് ഒ.പി. ബ്ലോക്ക് നിർമ്മിക്കുന്നത്. നാഷണൽ ഹെൽത്ത് മിഷൻ പ്രൊജക്ട് ഇംപ്ലിമെന്റേഷൻ പ്ലാനിൽ ഉൾപ്പെടുത്തിയ 1.43 കോടി രൂപയാണ് അളഗപ്പനഗർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒ. പി. കെട്ടിട നിർമ്മാണത്തിനായി അനുവദിച്ചിരിക്കുന്നത്.