
പഴുവിൽ: ചേർപ്പ് തൃപ്രയാർ റോഡിലെ ചിറയ്ക്കൽ പാലത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓൺ ലൈനായി നിർവഹിച്ചു. സി.സി.മുകുന്ദൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
തൃശൂർ നഗരത്തെയും കൊടുങ്ങല്ലൂർ - ഷൊർണൂർ സംസ്ഥാനപാതയെയും എറണാകുളം - ഗുരുവായൂർ ദേശീയപാതയെയും ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന ചേർപ്പ് തൃപ്രയാർ പാതയിലാണ് ചിറയ്ക്കൽ പാലം സ്ഥിതി ചെയ്യുന്നത്. കാലപ്പഴക്കം മൂലം അപകടാവസ്ഥയിലുള്ള പാലം പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 5.30 കോടി ചെലവിലാണ് നിർമ്മിക്കുന്നത്. 20.80 മീറ്റർ നീളവും, ഇരുഭാഗങ്ങളിലും 1.50 മീറ്റർ വീതിയിലുള്ള നടപ്പാതയുമായാണ് പുതിയ പാലം സജ്ജമാവുന്നത്.
7.50 മീറ്റർ കാര്യേജ് വീതി ഉൾപ്പെടെ 11 മീറ്റർ വീതിയിലാണ് പൊതുമരാമത്ത് വിഭാഗം രൂപരേഖ തയ്യാറാക്കിയത്. പാലത്തിന്റെ ഇരുവശത്തുമുള്ള അപ്രോച്ച് റോഡുകളുടെ ഇന്റർലോക്ക് പ്രവൃത്തിയും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തി. പൊതുമരാമത്ത് വകുപ്പ് അസി. എക്‌സി എൻജിനീയർ നിമേഷ് പുഷ്പൻ, ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.മോഹൻദാസ്, വൈസ് പ്രസിഡന്റ് അമ്പിളി സുനിൽ, പി.എസ്.നജീബ്, എൻ.എൻ.ജോഷി, എം.കെ.ഷൺമുഖൻ, കെ.വി.ഇന്ദുലാൽ, എൻ.ജി.ജയരാജ് , എബി ജയപ്രകാശ്, ഷാജി കളരിക്കൽ എന്നിവർ സംസാരിച്ചു.