sunil

തൃശൂർ: തൃശൂർ ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാറിന് മത്സരിക്കുന്നതിന് കെട്ടിവയ്ക്കാനുള്ള തുക ഏനാമ്മാവ് പെരിങ്ങോട്ടുകര (തൃശൂർ താലൂക്ക്) ചെത്തുതൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) സെക്രട്ടറി ടി.കെ. മാധവൻ കൈമാറി. സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാർ തുക ഏറ്റുവാങ്ങി. അന്തിക്കാട്ടെ ചടയംമുറി സ്മാരകത്തിൽ വച്ചാണ് തുക കൈമാറിയത്. മന്ദാമംഗലം ആകാശപ്പറവ, മരോട്ടിച്ചാൽ മലയൻ കോളനി, വെട്ടുകാട്, ഏഴാംകല്ല് പള്ളി, വെട്ടുകാട് ആശുപത്രി, കോളനി, മയ്യംപ്പിള്ളി അമ്പലം, പുത്തൂർ സുവോളജിക്കൽ പാർക്ക്, കുരിശുമൂല ഓട്ടോ സ്റ്റാൻഡ്, പുത്തൂർ പഞ്ചായത്ത് കുടുംബശ്രീ ജനകീയ ഹോട്ടൽ, നമ്പ്യാർ റോഡ്, പുത്തൂർ പള്ളി, പുത്തൂർ ആശുപത്രി, സീതാറാം ഫാർമസ്യൂട്ടിക്കൽസ്, അഞ്ചേരി, പടവരാട് ആശഭവൻ, കണ്ടംകുളത്തി മഠം, മരിയാപുരം വൃദ്ധസദനം എന്നിവിടങ്ങളിലും സ്ഥാനാർത്ഥി പര്യടനം നടത്തി. ഉച്ചയോടെ ചിയ്യാരം, കൂർക്കഞ്ചേരി മേഖലകളിലെ സന്ദർശനത്തിനുശേഷം അദ്ദേഹം പുതുക്കാട് മണ്ഡലത്തിൽ പര്യടനം നടത്തി.

ക്ഷേത്ര ദർശനവുമായി സുരേഷ് ഗോപി
തൃശൂർ: ശിവരാത്രി ദിനത്തിൽ ശിവക്ഷേത്രങ്ങളിൽ ദർശനം നടത്തി എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി. രാവിലെ വടക്കുന്നാഥ ക്ഷേത്രത്തിൽ നിന്നാണ് ആരംഭിച്ചത്. വടക്കുന്നാഥന് ഒരുകുടം നറുനെയ്യ് സമർപ്പിച്ച് തൊഴുതു. പിന്നീട് ക്ഷേത്ര സംരക്ഷണ സമിതി നടത്തിയ ശിവരാത്രി മഹാപരിക്രമയിലും പങ്കെടുത്തു. ശിവക്ഷേത്രങ്ങളായ ചൊവ്വല്ലൂർ, മമ്മിയൂർ, തിരുമംഗലം, തൃക്കുന്നത്ത്, ആനേശ്വരം, വയലൂർ മഹാദേവ ക്ഷേത്രങ്ങളിൽ ദർശനം നടത്തി. ഇരിങ്ങാലക്കുട കാട്ടൂർ ക്ഷേത്രം നെന്മണിക്കര ക്ഷേത്രം, മുടിക്കോട്, പനമുക്ക് ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലും സുരേഷ് ഗോപിയെത്തി. വൈകിട്ട് ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രത്തിലും ദർശനം നടത്തി. ക്ഷേത്ര ഭാരവാഹികളും ഭക്തരും ഉൾപ്പെടെ വൻ ജനസഞ്ചയമാണ് ഓരോ കേന്ദ്രങ്ങളിലും സ്വീകരിച്ചത്. അമ്മാടം പള്ളിയിലും സുരേഷ് ഗോപി സന്ദർശനം നടത്തി. പള്ളി വികാരിയും സഹ വികാരിയും കമ്മിറ്റി ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു.