
തൃശൂർ: 'വോട്ടർമാർക്ക് നേട്ടമുണ്ടാക്കാനാണ് നമ്മൾ ഇറങ്ങിയിരിക്കുന്നത്. യുദ്ധത്തിനല്ല. നിങ്ങളെന്നെ സഹായിച്ചില്ലെങ്കിൽ ഞാൻ നാളെത്തന്നെ തിരുവനന്തപുരത്തേക്കുപോയി രാജീവ് ചന്ദ്രശേഖറിനായി പ്രവർത്തിക്കാം." ശാസ്താംപൂവത്ത് പ്രചാരണത്തിനിടെയാണ് പ്രവർത്തനത്തിന് ആളില്ലാത്തതിനും വോട്ടർമാർ കുറഞ്ഞ സ്ഥലത്ത് കൊണ്ടുപോയതിനും സുരേഷ് ഗോപി പ്രവർത്തകരോട് ക്ഷോഭിച്ചത്.
'പലരെയും വോട്ടർപ്പട്ടികയിൽ ചേർത്തിട്ടില്ല. എന്താണ് ബൂത്ത് ഇൻച്ചാർജ്ജിന്റെയും പ്രസിഡന്റിന്റെയും ജോലിയെന്ന് നിങ്ങൾ മനസിലാക്കണം. നിങ്ങൾ എനിക്ക് വോട്ട് വാങ്ങിത്തരാനാണെങ്കിൽ വോട്ടു ചെയ്യേണ്ട പൗരൻ ഇവിടെ ഉണ്ടാകണ്ടേ. അവർ അടുപ്പിക്കുന്നില്ലെങ്കിൽ എന്തിനാണ് എന്നെ കൊണ്ടുവന്നത്?" സുരേഷ്‌ഗോപി ചോദിച്ചു. സ്ത്രീകൾ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കാര്യങ്ങൾ ഭയങ്കര കഷ്ടമാണെന്നായിരുന്നു പ്രതികരണം.