തൃശൂർ: അപ്രതീക്ഷിത ട്വിസ്റ്റിൽ മാറിമറിഞ്ഞ് യു.ഡി.എഫ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചതോടെ തൃശൂരിലെ പോർമുഖം തെളിഞ്ഞു. ഇനി വിധിയെഴുത്ത് വരെ നീളുന്ന പ്രചാരണം. യു.ഡി.എഫ് സ്ഥാനാർത്ഥിയായി കെ. മുരളീധരൻ കൂടി രംഗത്തെത്തിയതോടെ ത്രികോണപ്പോരിന് ഒരുങ്ങി നിൽക്കുകയാണ് തൃശൂർ, കുംഭച്ചൂടിനെ പോലും വകവയ്ക്കാതെ..!
സിറ്റിംഗ് എം.പി: ടി.എൻ. പ്രതാപനെ മാറ്റിയാണ് വടകരയിൽ നിന്ന് കെ. മുരളീധരനെ തൃശൂരിലെത്തിച്ചത്. മുരളിയുടെ സഹോദരി കൂടിയായ കോൺഗ്രസ് വനിതാ നേതാവ് പത്മജ വേണുഗോപാലിന്റെ ബി.ജെ.പി പ്രവേശനമാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥിപ്പട്ടികയിലെ ട്വിസ്റ്റിന് കാരണം.
ടി.എൻ. പ്രതാപൻ തൃശൂരിലും മുരളീധരൻ വടകരയിലും പ്രചാരണം തുടങ്ങിയെങ്കിലും ഹൈക്കാൻഡിന്റെ ഇടപെടലിനെത്തുടർന്നായിരുന്നു സ്ഥാനാർത്ഥി മാറ്റം. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാറും എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയും നേരത്തെ തന്നെ പ്രചാരണത്തിൽ സജീവമായിരുന്നു. ഇരുവരും ഭൂരിഭാഗം മണ്ഡലങ്ങളിലും ഒരു തവണ എത്തിക്കഴിഞ്ഞു. അതോടൊപ്പം പ്രമുഖ വ്യക്തിത്വങ്ങളെ സന്ദർശിക്കുന്ന തിരക്കിൽ കൂടിയാണ്. മുരളീധരൻ ഇന്ന് മുതൽ സജീവമാകും.
ആവേശത്തേരിൽ കെ. മുരളീധരന് വരവേൽപ്പ്
സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷം തൃശൂരിലെത്തിയ കെ. മുരളീധരനെ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, ടി.എൻ. പ്രതാപൻ എം.പി, യു.ഡി.എഫ് ചെയർമാൻ എം.പി. വിൻസെന്റ് എന്നിവർ ചേർന്ന് സ്വീകരിച്ചു. കോഴിക്കോട് നിന്ന് ഇന്നലെ തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തിയ മുരളീധരനെ താളമേളങ്ങളുടെയും മുദ്രവാക്യങ്ങളുടെയും അകമ്പടിയോടെ പ്രവർത്തകർ തുറന്ന വാഹനത്തിലേക്ക് ആനയിച്ചു. തുടർന്ന് പൂരനഗരിയിൽ തിരഞ്ഞെടുപ്പ് ആവേശത്തിന്റെ കൊടിയേറ്റമെന്ന പോലെ നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ നഗരം ചുറ്റിയുള്ള റോഡ് ഷോ. പിന്നീട് ജില്ലാ കോൺഗ്രസ് ആസ്ഥാനത്തെത്തി. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരാണ് ഷാൾ അണിയിച്ച് സ്വീകരിച്ചത്.
സ്വീകരണ പരിപാടിയിലും റോഡ് ഷോയിലും യു.ഡി.എഫ് നേതാക്കളായ ഒ. അബ്ദുറഹ്മാൻ കുട്ടി, പി.എ. മാധവൻ, ടി.വി. ചന്ദ്രമോഹൻ, എം.കെ. പോൾസൺ മാസ്റ്റർ, അനിൽ അക്കര, സി.എ. മുഹമ്മദ് റഷീദ്, സി.എച്ച്. റഷീദ്, സി.വി. കുര്യാക്കോസ് പി.ആർ.എൻ. നമ്പീശൻ, എം.പി. ജോബി, സുനിൽ അന്തിക്കാട്, കെ.ബി. ശശികുമാർ, സി.സി. ശ്രീകുമാർ, ജോൺ ഡാനിയേൽ, ഐ.പി. പോൾ, സി.ഒ. ജേക്കബ്, ടി.യു. ഉദയൻ, ഡോ. നിജി ജസ്റ്റിൻ, രാജൻ പല്ലൻ, കെ. ഗോപാലകൃഷ്ണൻ, കെ.വി. ദാസൻ, കെ.കെ. ബാബു, ടി.എം. ചന്ദ്രൻ, ജെയ്ജു സെബാസ്റ്റ്യൻ, ടി.എം. രാജീവ്, സി.എം. നൗഷാദ്, സെബി കൊടിയൻ, എം.എൽ. ബേബി, ടി. നിർമ്മല എന്നിവർ നേതൃത്വം നൽകി.
'ജൽപ്പനങ്ങൾക്ക് മറുപടിയില്ല'
മതേതരത്വം എന്തെന്ന് പഠിപ്പിച്ച പിതാവിന്റെ ദൗത്യം ഏറ്റെടുക്കേണ്ടത് എന്റെ ദൗത്യമാണ്. കരണാകരന്റെ മക്കൾ എന്ന നിലയിൽ അദ്ദേഹം പഠിപ്പിച്ചത് ഒരു മൂല്യം കാത്തുസൂക്ഷിക്കാനായിരുന്നു. അതിൽ ഒര ചെറിയ വിള്ളലുണ്ടായി. ആട്ടിൻതോലണിഞ്ഞ ബന്ധുക്കൾ ശത്രുക്കളായി മാറാം. ഒരു ബി.ജെ.പിക്കാരിയുടെ ജൽപ്പനങ്ങൾക്ക് ഇനി മറുപടിയില്ല. ഇത് ധർമ്മത്തിന് വേണ്ടിയുള്ള പോരാട്ടമാണ്.
- കെ. മുരളീധരൻ