arunkumar-and-sagi

പുതുക്കാട്: വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയിൽ നിന്നു കാണാതായ രണ്ടു കുട്ടികൾ കോളനിയിൽ നിന്നു ഒരു കിലോമീറ്റർ അകലെ കാട്ടിൽ മരിച്ച നിലയിൽ. രാജശേഖരന്റെ മകൻ അരുൺകുമാറിന്റെ (8) മൃതദേഹം 40 അടിയിലേറെ ഉയരമുള്ള ചീനി മരത്തിന്റെ ചോട്ടിലും കാടർ കുട്ടന്റെ മകൻ സജിയുടെ (15) മൃതദേഹം അവിടെ നിന്ന് 200 മീറ്റർ അകലെയുമാണ് കണ്ടെത്തിയത്.

ചീനി മരത്തിലെ തേനീച്ചക്കൂട്ടിൽ നിന്നു തേൻ ശേഖരിക്കാനുള്ള ശ്രമത്തിനിടെ താഴെ വീണ നിലയിലായിരുന്നു അരുൺകുമാ‌ർ. മരത്തിനു മുകളിൽ തോർത്ത് മുണ്ട് കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലാണ്. അരുൺ വീണശേഷം സജി മരത്തിൽ നിന്നു താഴെ ഇറങ്ങിയതാകാമെന്നാണ് കരുതുന്നത്. ഇരുവർക്കും തേനീച്ചയുടെ കുത്തേറ്റിട്ടുണ്ട്. സജിയുടെ മൃതദേഹത്തിൽ മറ്റു പരിക്കുകളില്ല. മരണകാരണം പോസ്റ്റ്മോർട്ടത്തിനു ശേഷമേ സ്ഥിരീകരിക്കാനാകൂ. വിരലടയാള വിദഗ്ദ്ധരും ഫൊറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുപ്പു നടത്തി. സംഭവ സ്ഥലത്തു വച്ച് പൊലീസ് നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.

ഇരുവരെയും രണ്ടാം തീയതി മുതലാണ് കാണാതായത്. കുട്ടികൾ ബന്ധുവീട്ടിൽ പോയെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. എന്നാൽ,​ മറ്റ് കോളനികളിൽ കുട്ടികളെത്തിയിട്ടില്ലെന്ന് മനസിലായതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് വെള്ളിക്കുളങ്ങര പൊലീസിൽ പരാതി നൽകിയത്. വെള്ളിയാഴ്ച വനപാലകരും, പൊലിസും ആദിവാസികളുടെ സഹായത്തോടെ അന്വേഷണം നടത്തി. തൃശൂർ റൂറൽ എസ്.പി നവനീത് ശർമ്മയുടെ നേതൃത്വത്തിൽ ചാലക്കുടി ഡിവൈ.എസ്.പി ഓഫീസിൽ യോഗം ചേർന്ന് ശനിയാഴ്ച തെരച്ചിലിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. ആരോഗ്യ വകുപ്പ്, ഫയർഫോഴ്‌സ്, വനപാലകർ, ആദിവാസികൾ എന്നിവരടങ്ങിയ ഏഴ് സംഘങ്ങളാണ് തെരച്ചിലിനായി വനത്തിൽ പോയത്. കാരിക്കടവ്, ശാസ്താംപൂവം, രണ്ട് കൈ കോളനി എന്നിവിടങ്ങളിൽ നിന്നായി സംഘങ്ങൾ വനത്തിൽ കയറി.

പരാതിയെക്കുറിച്ച് അറിഞ്ഞ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.സുനിൽകുമാർ വെള്ളിയാഴ്ച വൈകിട്ട് ശാസ്താംപൂവം കോളനിയിലെത്തി എസ്.പിയെ ഉൾപ്പെടെ ബന്ധപ്പെട്ടിരുന്നു. ഇന്നലെ രാവിലെ കെ.കെ.രാമചന്ദ്രൻ എം.എൽ.എ ശാസ്താംപൂവം കോളനിയിലെത്തി തെരച്ചിലിന് നിയോഗിച്ച ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു.

ഇന്നലെ രാവിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയും കോളനിയിലെത്തി ബന്ധുക്കളുമായി സംസാരിച്ചു.