കുന്നംകുളം: 135 വർഷം പഴക്കമുള്ള താലൂക്ക് ആശുപത്രി കെട്ടിടം പൊളിച്ചു നീക്കി കുന്നംകുളത്ത് മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി നിർമ്മിക്കുന്നു. പുതിയ താലൂക്ക് ആശുപത്രി കെട്ടിടം നിർമ്മിക്കുന്നതിന് 97.11 കോടി രൂപയാണ് ഭരണാനുമതി. സംസ്ഥാന സർക്കാരിന്റെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 7 നില കെട്ടിടമാണ് നിർമ്മിക്കുന്നത്. പഴയ കെട്ടിടങ്ങൾ പൂർണമായും ഇതിനായി പൊളിച്ചുമാറ്റി. നിലവിലുള്ള കുന്നംകുളം ഗവ.ആശുപത്രി 1888 ലാണ് പ്രവർത്തനം ആരംഭിച്ചത്.

പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം 12 ന് രാവിലെ നഗരസഭ ടൗൺഹാളിൽ മന്ത്രി വീണാ ജോർജ്ജ് നിർവ്വഹിക്കുമെന്ന് എ.സി മൊയ്തീൻ എം.എൽ.എ അറിയിച്ചു. മന്ത്രി കെ.രാധാകൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. എ.സി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മണലൂർ എം.എൽ.എ മുരളി പെരുനെല്ലി, കുന്നംകുളം താലൂക്കിലെ തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സാംസ്‌കാരിക പ്രവർത്തകർ, പൗരപ്രമുഖർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. നിർമ്മാണ പ്രവർത്തിക്ക് 2020 ഫെബ്രുവരിയിലാണ് എം.എൽ.എ എ.സി. മൊയ്തീന്റെ ശ്രമഫലമായി 97,11,84,323 രൂപയുടെ ഭരണാനുമതി ലഭിക്കുന്നത്. തുടർന്ന് 2023 മാർച്ചിൽ 76,50,76,018 രൂപയുടെ സാങ്കേതിക അനുമതി ലഭിച്ചു.
മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മാണം രണ്ടു വർഷം കൊണ്ട് പൂർത്തീകരിക്കാനാകുമെന്ന് എം.എൽ.എ പറഞ്ഞു.


ഏഴുനിലകളിലായി ആശുപത്രി കെട്ടിടം

ലോവർ ഗ്രൗണ്ട് ഉൾപ്പെടെ ഏഴു നിലകളിലായാണ് ആശുപത്രി കെട്ടിടം. ലോവർ ഗ്രൗണ്ടിൽ സ്റ്റോർ, സർവീസ്, മോർച്ചറി, ഫയർ പമ്പ് റൂം, ഇലക്ട്രിക്കൽ സബ് സ്റ്റേഷൻ. ഗ്രൗണ്ട് ഫ്‌ളോറിൽ റിസപ്ഷൻ, കാഷ്വാലിറ്റി, എക്‌സ്‌റേ, സിടി അൾട്രാസൗണ്ട്, മാമോഗ്രാം എന്നീ ഡയഗണോസ്റ്റിക് റൂമുകളും. ഒന്നാം നിലയിൽ ഔട്ട് പേഷ്യന്റ്ര് വിഭാഗത്തിനായി 10 കൺസൾട്ടേഷൻ റൂമുകളും,പ്രൊസീജർ റൂമുകളും. രണ്ടാം നിലയിൽ 60 വാർഡ് ബെഡുകളും 4 ഐസൊലേഷൻ റൂമുകളും. മൂന്നാം നിലയിൽ 12 ഐസിയു ബെഡുകളും 8 ഐസൊലേഷൻ റൂമുകളും 30 വാർഡ് ബെഡുകളും.
നാലാം നിലയിൽ നാലു ഓപ്പറേഷൻ തിയേറ്ററുകളും, ഐ.സി.യു ഫെസിലിറ്റിയോട് കൂടിയുള്ള പ്രീ ഒ.പി, പോസ്റ്റ് ഒ.പി റിക്കവറി ബെഡുകളും സജ്ജമാക്കിയിട്ടുണ്ട്. അഞ്ചാം നിലയിലായി എച്ച്.വി.എ.സി., സി.എസ്.എസ്.ഡി മുതലായ മെഷീനറി സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

ആകെ വിസ്തീർണ്ണം 145032 സ്‌ക്വയർ ഫീറ്റ്
ആകെ ബെഡുകൾ 112
90 ബെഡും 22 ഐസിയു ബെഡും ഉൾപ്പെടുന്നു.
1.35 ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള മഴവെള്ള സംഭരണിയും