ലോറി പിടികൂടിയത് മരം കയറ്റിവന്ന ലോറി റോഡിന്റെ കുറുകെയിട്ട്
ചെറുതുരുത്തി: കക്കൂസ് മാലിന്യം ഉപേക്ഷിക്കാൻ എത്തിയ ടാങ്കർ ലോറി ഡ്രൈവറെ സാഹസികമായി പിടികൂടി പൊലീസ്. ചാവക്കാട് കടപ്പുറംവില്ലേജിൽ താമസിക്കുന്ന കറുപ്പും വീട്ടിൽ ഷാജഹാൻ (32)ആണ് അറസ്റ്റിലായത്. ചാവക്കാട് നിന്ന് വലിയ ടാങ്കറിൽ കക്കൂസ് മാലിന്യം കലാമണ്ഡലത്തിന് മുന്നിലുള്ള റെയിൽവേ ട്രാക്കിലെ കാടുപിടിച്ച സ്ഥലത്ത് ഉപേക്ഷിക്കാനായിരുന്നു ഡ്രൈവറുടെ ലക്ഷ്യം.
രാത്രി 11 മണിക്ക് കലാമണ്ഡലത്തിന് മുൻവശം മാലിന്യം ഉപേക്ഷിക്കുന്നുണ്ടെന്ന് രഹസ്യവിവരത്തെ തുടർന്ന് ചെറുതുരുത്തി സി.ഐ ബോബി വർഗീസിന്റെ നിർദ്ദേശത്തെ തുടർന്ന് എസ്.ഐ.സുഭാഷ്,സി.പി.ഒ.പ്രസാദ്, ഹോംഗാർഡ് ഉദുമാൻ എന്നിവർ ഈ പ്രദേശത്ത് എത്തിയത്. എന്നാൽ പൊലീസ് എത്തിയെന്ന വിവരം അറിഞ്ഞ് ഷാജഹാൻ ലോറിയുമായി കടന്നുകളഞ്ഞു. ചെറുതുരുത്തി ചുങ്കം വഴി തലശ്ശേരിയിലേക്ക് വണ്ടിയുമായി പോയ ഷാജഹാനെ പൊലീസ് പിൻതുടർന്നു. എന്നാൽ തലശ്ശേരിയിൽവച്ച് പിടിക്കാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ ലോറി തിരിച്ച് ചെറുതുരുത്തി വഴി പോയി. തുടർന്ന് ആറ്റൂർമനപ്പടിക്ക് സമീപം ഹൈവേ പൊലീസിന്റെ സഹായത്തോടെ മരം കയറ്റി വന്നലോറി റോഡിന്റെ കുറുകെ ഇട്ടാണ് ടാങ്ക് ലോറി തടഞ്ഞത്. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.