തൃശൂർ: പുതുക്കാട് വെള്ളിക്കുളങ്ങരങ്ങയിലെ ആദിവാസി കോളനിയിലെ രണ്ടു കുട്ടികളുടെ ദുരൂഹമരണത്തിൽ സർക്കാരിന്റെ നിഷ്‌ക്രിയത്വം അപലപനീയമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാർ. കുട്ടികൾ കാണാതായിട്ട് ആറുദിവസം കഴിഞ്ഞിട്ടും തെരയാൻ പോലും സർക്കാർ ഒന്നും ചെയ്തില്ല. സുരേഷ് ഗോപി ഊരിലെത്തുമെന്ന് അറിയിച്ചപ്പോൾ മാത്രമാണ് എം.എൽ.എയും സർക്കാർ ഉദ്യോഗസ്ഥരും അനങ്ങിയത്.
ആദിവാസി സമൂഹത്തോടുള്ള പിണറായി സർക്കാരിന്റെ ക്രൂരമായ അവഗണനയുടെ അവസാന ഉദാഹരണമാണ് വെള്ളിക്കുളങ്ങരയിൽ കണ്ടത്. മറ്റത്തൂർ പഞ്ചായത്തിലെ ഏക ട്രൈബൽ വാർഡാണ് ശാസ്താംപൂവം കോളനി. എട്ടുവയസുള്ള അരുൺകുമാർ,15കാരനായ സജിത്ത് എന്നിവരാണ് മരിച്ചത്. പൊലീസും ഫോറസ്റ്റും ഒരു തരത്തിലുമുള്ള അന്വേഷണവും ഇന്നലെ വരെ നടത്താതിരുന്നതിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും കുട്ടികൾ നഷ്ടപ്പെട്ട കുടുംബത്തിന് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാകണമെന്നും അനീഷ്‌കുമാർ പറഞ്ഞു.