sastampoovam

വെള്ളിക്കുളങ്ങര: ശാസ്താംപൂവം ആദിവാസി കോളനിയിലെ സജിയുടെയും അരുൺ കുമാറിന്റെയും മരണം തേനെടുക്കാൻ മരത്തിൽ കയറി താഴെ വീണതാകാമെന്ന് നിഗമനം. കാണാതായിട്ട് ഒരാഴ്ച പിന്നിടുമ്പോഴാണ് രണ്ടുപേരുടെയും മൃതദേഹം ഇന്നലെ കണ്ടെത്തിയത്. വെള്ളിയാഴ്ച വരെ കോളനിക്കാർ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീടാണ് വെള്ളിക്കുളങ്ങര പൊലീസിൽ പരാതി നൽകിയത്. വെള്ളിയാഴ്ച പൊലീസും വനപാലകരും കോളനിക്കാരുടെ സഹായത്തോടെ തെരച്ചിൽ നടത്തിയിരുന്നു.
കുട്ടികളെ കാണാനില്ലെന്നറിഞ്ഞ് എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽ കുമാർ കോളനിയിലെത്തി ജില്ലാ ഭരണകൂടത്തോടും പൊലിസ് സൂപ്രണ്ടിനോടും അന്വേഷണം ഊർജിതപ്പെടുത്താൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ ചാലക്കുടി ഡിവൈ.എസ്.പി ഓഫീസിൽ യോഗം ചേർന്ന് പ്രത്യേക സംഘത്തെ നിയോഗിച്ചു. വനപാലകർ, വനസംരക്ഷണ സമിതി പ്രവർത്തകർ, പൊലീസ് തുടങ്ങി നൂറോളം പേർ എഴ് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. പൊലീസ്, ഫോറസ്റ്റ്, വി.എസ്.എസ് എന്നിവയിലെ 100 ഓളം പേർ 8 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു. തുടർന്നാണ് ഉച്ചയ്ക്ക് രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തിയത്.

തേനെടുക്കാൻ കയറിയ മരത്തിൽ നിന്നും വീണാണ് എട്ട് വയസുകാരൻ അരുൺ കുമാർ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. അരുൺകുമാറിന്റെ മൃതദേഹം അഴുകിയ നിലയിലാണ്. എന്നാൽ മാനസിക വെല്ലുവിളി നേരിടുന്ന സജിയുടെ മൃതദേഹത്തിൽ പരിക്കുകൾ പുറമേയില്ല. മൃതദേഹത്തിന് അധികം പഴക്കമില്ല. മരത്തിൽ അരുൺകുമാറിന്റെ തോർത്ത് കണ്ടതിനാലാണ് മരത്തിൽ നിന്നും വീണതാകാമെന്ന നിഗമനത്തിലെത്തിയത്. സജിയുടെ മരണം പേടിയോ വെള്ളം കിട്ടാതായതോ, വീണതോ ആകാമെന്നാണ് പ്രാഥമിക നിഗമനം.

ശനിയാഴ്ച രാവിലെ കെ.കെ. രാമചന്ദ്രൻ എം.എൽ.എ, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്, സബ് കളക്ടർ മുഹമ്മദ് ഷഫീഖ്, ഡി.എഫ്.ഒ എം. വെങ്കടേശ്വരൻ, തഹസിൽദാർ സി.എം. അബ്ദുൽ മജീദ്, ഡി. വിനോദ്, ഡെപ്യൂട്ടി തഹസിൽദാർ കെ.ജി. രാജൻ, കെ.ഡി. രാജൻ, പി.കെ. ശിവരാമൻ, യു.ടി. തിലകമണി, മോഹനൻ ചള്ളിയിൽ എന്നിവർ അന്വേഷണം ഏകോപിപ്പിക്കാനെത്തി.

സുരേഷ് ഗോപിയും കോളനിയിൽ

കുട്ടികളെ കാണാതായതറിഞ്ഞ് ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപി രാവിലെ കോളനിയിലെത്തി. വിവരങ്ങൾ ചോദിച്ചറിഞ്ഞ് കോളനിക്കാരോടൊത്ത് പ്രഭാത ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.