ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട അന്താരാഷ്ട ചലച്ചിത്ര മേളയുടെ രണ്ടാം ദിനത്തിൽ പ്രേക്ഷക മനം കവർന്ന് നളിനകാന്തി.
ടി.പത്മനാഭന്റെ സർഗ്ഗാത്മകജീവിതവും വ്യക്തിത്വവും അടയാളപ്പെടുത്തുന്ന ചിത്രം ഒരുക്കിയ സംവിധായകനും എഴുത്തുകാരനുമായ സുസ്‌മേഷ് ചന്ദ്രോത്തിനെ കവി സെബാസ്റ്റ്യൻ പ്രദർശനാനന്തരം ആദരിച്ചു. തുടർന്ന് പ്രദർശിപ്പിച്ച ഇന്ത്യൻ പനോരമ ചിത്രം ഡോ.ബിജുവിന്റെ അദ്യശ്യജാലകങ്ങളും ശ്രദ്ധ നേടി. ഡോ.ബിജുവിനെ നഗരസഭാ സെക്രട്ടറി എം.എച്ച്. ഷാജിക് ആദരിച്ചു. സംവിധായകൻ സജീവൻ അന്തിക്കാട് ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്‌സൺ സുജ സഞ്ജീവ്കുമാർ ചലച്ചിത്രമേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ഫിലിം സൊസൈറ്റി പ്രസിഡന്റ് മനീഷ് അരീക്കാട്ട് അധ്യക്ഷനായി. രാധാക്യഷ്ണൻ വെട്ടത്ത് എഴുതിയ കാഴ്ചയുടെ ഋതുഭാവങ്ങൾ ചെയർപേഴ്‌സൺ പ്രകാശനം ചെയ്തു. ആദാമിന്റെ വാരിയെല്ലിന്റെ നിർമ്മാതാവും എടത്തിരുത്തി സ്വദേശിയുമായ വിൻസെന്റ് ചിറ്റിലപ്പിള്ളിയെ ചടങ്ങിൽ ആദരിച്ചു. ഐ.എഫ്.എഫ്.ടി എക്‌സിക്യൂട്ടീവ് ഡയറക്ടർ ചെറിയാൻ ജോസഫ്, സംവിധായകൻ സുസ്‌മേഷ് ചന്ദ്രോത്ത്, കവി സെബാസ്റ്റ്യൻ, പി.കെ. ഭരതൻ മാസ്റ്റർ, നവീൻ ഭഗീരഥൻ, ടി.ജി. സച്ചിത്ത്, ജോസ് മാമ്പിള്ളി, എം.എസ്. ദാസൻ, രാജീവ് മുല്ലപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു.മാസ് മൂവീസിലും ഓർമ്മ ഹാളിലുമായി നടക്കുന്ന ഫെസ്റ്റിവലിന്റെ മൂന്നാം ദിനമായ ഇന്ന് രാവിലെ 10 ന് മാസ് മൂവീസിൽ പ്രതാപ് ജോസഫ് സംവിധാനം ചെയ്ത മാവോയിസ്റ്റ്, 12 ന് പ്രശാന്ത് മുരളി പത്മനാഭൻ സംവിധാനം ചെയ്ത ബട്ടർഫ്‌ളൈഗേൾ 85 , വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ ഇംഗ്ലീഷ് ചിത്രം ആൾ ഓഫ് അസ് സ്‌ട്രേഞ്ചേഴ്‌സ് എന്നിവ പ്രദർശിപ്പിക്കും.